s

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവളിനെ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച് ആം ആദ്മി നേതാക്കളും പ്രവർത്തകരും രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൾ കൂട്ട ഉപവാസം സംഘടിപ്പിച്ചു. ഡൽഹിയിൽ ആംആദ്‌മി പാർട്ടി രൂപീകരണത്തിലേക്ക് നയിച്ച പ്രക്ഷോഭങ്ങൾ നടന്ന ജന്ദർമന്ദറിലായിരുന്നു ഉപവാസം.

കേജ്‌രിവാളിനെ ജയിലിലാക്കിയതിന് വോട്ടിലൂടെ മറുപടി പറയുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേജ്‌രിവാളിന്റെ അസാന്നിധ്യത്തിൽ ലോക്‌സഭാ പ്രചാരണം ശക്തമാക്കാൻ കൂടിയായിരുന്നു പ്രതിഷേധം. മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ എംപി സഞ്ജയ് സിംഗ്, മന്ത്രിമാരായ അതിഷി മർലേന, ഗോപാൽ റായ്‌, ഡെപ്യൂട്ടി സ്‌പീക്കർ രാഖി ബിർള തുടങ്ങിയവർ നേതൃത്വം നൽകി.'ജയിൽ പൂട്ടുകൾ തകർക്കും, കേജ്‌രിവാളിനെ മോചിപ്പിക്കും' എന്ന മുദ്രാവാക്യം മുഴക്കിയാണ് നൂറു കണക്കിന് പ്രവർത്തകർ ജന്ദർമന്ദറിലെത്തിയത്.

400സീറ്റിൽ കൂടുതൽ നേടുമെന്ന് ഉറപ്പുള്ള പാർട്ടി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോ? മറ്റൊരു പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമോ? 400 സീറ്റ് നേടില്ലെന്ന് ബി.ജെ.പിക്കും അതിന്റെ നേതാവിനും ഉറപ്പാണ്. അതിനാലാണ് പ്രതിപക്ഷത്തിനെതിരായ നടപടികൾ. ബി.ജെ.പി ജയിച്ചാൽ ഗ്രാമങ്ങളെല്ലാം ശ്‌മശാനങ്ങളാകും. കേജ്‌രിവാൾ ജയിച്ചാൽ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ബസുകളും വരും. സ്‌ത്രീകൾക്ക് സൗജന്യ യാത്രയും സാമ്പത്തിക പിന്തുണയും ലഭിക്കും - സഞ്ജയ് സിംഗ് പറഞ്ഞു. കാർഗിൽ യുദ്ധ വീരന്റെ ഭാര്യയെ നഗ്നയാക്കി പരേഡ് നടത്തിയപ്പോൾ മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഡൽഹി മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടുന്നു - അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള കേജ്‌രിവാൾ അനുയായികൾ ഉപവാസത്തിൽ പങ്കെടുത്തെന്ന് ഗോപാൽ റായ് പറഞ്ഞു.
ഉപവാസ പശ്ചാത്തലത്തിൽ റോഡുകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ബാരിക്കേഡുകൾ കാരണം ചില ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

ആം ആദ്മി ഭരണത്തിലുള്ള പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാനും മന്ത്രിമാരും എം.എൽ.എമാരും ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ഖത്കർ കലനിൽ ഉപവസിച്ചു. ഹരിയാനയിലെ കുരുക്ഷേത്ര, മഹാരാഷ്ട്രയിൽ മുംബയ് ആസാദ് മൈതാനം, ഗോവ പനാജിയിലെ ആസാദ് മൈതാനം, ജമ്മുവിൽ ഗാന്ധിനഗർ എന്നിവിടങ്ങളിലും ജാർഖണ്ഡ്, യു.പി, ഗുജറാത്ത് സംസ്ഥാനങ്ങളിലും ഉപവാസം സംഘടിപ്പിച്ചു. 'ഇന്ത്യ' കൂട്ടായ്‌മയിലെ നേതാക്കളും പങ്കുചേർന്നു. ബോസ്റ്റൺ, വാൻകൂവർ, മെൽബൺ തുടങ്ങിയ വിദേശനഗരങ്ങളിലും ആംആദ്‌മി അനുകൂലികൾ ഉപവാസം സംഘടിപ്പിച്ചു.

കേജ്‌രിവാളിന്റെ രാജി

ആവശ്യപ്പെട്ട് ബി.ജെ.പി

ആംആദ്‌മി ജന്ദർ മന്ദറിൽ ഉപവസിക്കവേ, മുഖ്യമന്ത്രി കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ബി.ജെ.പി ഘടകം കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.

ആംആദ്‌മി നേതാക്കളുടെ ചിത്രമുള്ള മദ്യക്കുപ്പികളുടെയും 'ശീഷ്‌മഹൽ' എന്ന പേരിൽ കേജ്‌രിവാളിന്റെ നവീകരിച്ച വസതിയുടെയും കട്ടൗട്ടുകളും ഏന്തിയായിരുന്നു പ്രതിഷേധം. വീടിന്റെ നവീകരണത്തിൽ ക്രമക്കേടുണ്ടെന്ന് പാർട്ടി ആരോപിക്കുന്നുണ്ട്.
മദ്യനയത്തിൽ ആരോപണ വിധേയരായ ആം ആദ്മി നേതാക്കളുടെ കട്ടൗട്ടുകൾ വച്ച് 'ശരാബ് സേ ശീഷ്‌മഹൽ തക്' (മദ്യം മുതൽ ശീഷ്‌മഹൽ വരെ) എന്നു പേരിട്ട സെൽഫി പോയിന്റും ബി.ജെ.പി ഒരുക്കിയിരുന്നു.