
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ പേരിലുള്ള മോഷ്‌ടിക്കപ്പെട്ട കാർ ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. മാർച്ച് 19ന് ദക്ഷിണ ഡൽഹിയിലെ സർവീസ് സെന്ററിൽ നിന്നാണ് ഫോർച്യൂണർ എസ്.യു.വി കാർ മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് കാർ ഡ്രൈവർ ജോഗീന്ദർ സിംഗിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഫരദീബാദ് സ്വദേശികളായ ഷാഹിദ്, ശിവാംഗ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. ഇവർ മോഷ്‌ടിച്ച ശേഷം കാറിന്റെ നമ്പർ മാറ്റിയിരുന്നു. ഡൽഹിയിൽ നിന്ന് ഹരിയാനയിലെ ഗുഡ്‌ഗാവ് വഴി ഉത്തർപ്രദേശിലെ അലിഗഡ്, ലഖിംപൂർ, ബറേലി, സിതാപൂർ, ലഖ്‌നൗ വഴി കാർ സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർ അന്വേഷണങ്ങൾക്കൊടുവിലാണ് വാരാണസിയിൽ നിന്ന് കണ്ടെടുത്തത്. നാഗാലാൻഡിലേക്ക് കടത്താനായിരുന്നു പദ്ധതി.