
ജയ്പൂർ: 'യുവ നേതാക്കൾ അദ്ധ്വാനിച്ച് മുന്നേറണം. അവർക്കായി മുതിർന്ന നേതാക്കൾ ഒഴിയേണ്ടതില്ല." പാർട്ടിക്കുള്ളിലെ ബദ്ധവൈരിയായ സച്ചിൻ പൈലറ്റിനെ പരോക്ഷമായി പരാമർശിച്ച് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ജയ്‌പൂരിൽ സിവിൽലൈൻസിലെ 48-ാം വസതിയിൽ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു.
?രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് സാഹചര്യം
കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. അധികാരമില്ലെങ്കിലും കോൺഗ്രസ് സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ആനുകൂല്യങ്ങളുടെ സ്വാധീനം ജനങ്ങൾക്കിടയിലുണ്ട്.
?അന്ന് കോൺഗ്രസിലും പ്രശ്‌നങ്ങളുണ്ടായിരുന്നല്ലോ
ഇപ്പോൾ ഞങ്ങളെല്ലാം ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഹൈക്കമാൻഡ് നിർദ്ദേശമാണത്.
?യുവ നേതാവുമായുള്ള പ്രശ്‌നങ്ങൾ
പണ്ടത്തെ കാര്യങ്ങൾ മറന്ന്, മുന്നോട്ടുള്ള കാര്യങ്ങളിലാണ് ശ്രദ്ധ. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നു.
?സംസ്ഥാനത്ത് തലമുറ മാറ്റത്തിന് സമയമായോ
ഇന്ദിരാഗാന്ധിയുടെ സമയത്ത് ഞാനടക്കം നിരവധി യുവനേതാക്കൾ കോൺഗ്രസിൽ വന്നു. അവരിൽ പലരും മുഖ്യമന്ത്രിമാരും പി.സി.സി അദ്ധ്യക്ഷൻമാരും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും കേന്ദ്രമന്ത്രിയുമൊക്കെയായി. അതായത് സാഹചര്യങ്ങൾ വരുമ്പോൾ തലമുറ മാറ്റമുണ്ടാകും. ഒരാൾ സ്ഥാനമൊഴിഞ്ഞിട്ട് പുതിയ ആളുകൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്ന് കരുതുന്നില്ല. പുതിയ തലുമറയിലെ ആളുകൾ സ്വയം പരിശ്രമിച്ച് മുന്നേറണം. അദ്ധ്വാനിച്ചാലേ ഭാവിയിൽ അവർക്ക് ഗുണമുണ്ടാകൂ.
?ദേശീയ രാഷ്‌ട്രീയത്തിൽ പ്രതീക്ഷിക്കാമോ
എല്ലാവർക്കും സ്വന്തം സംസ്ഥാനത്ത് പ്രവർത്തിക്കാനാകുമല്ലോ താത്‌പര്യം.
?കോൺഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാതിരുന്നത്
അതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായി. അതിപ്പോഴുമുണ്ട്. വസ്‌തുത അതൊന്നുമല്ല. കോൺഗ്രസ് അദ്ധ്യക്ഷൻ എന്നത് വളരെ വലിയ പദവിയാണ്. ഞാൻ മുഖ്യമന്ത്രിയായി തുടരാൻ ജനം ആഗ്രഹിച്ചു. മുഖ്യമന്ത്രി പദമൊഴിയാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ ആ പദവി എന്നെ വിട്ടുപോകാൻ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. ആലോചിച്ചായിരിക്കുമല്ലോ ഞാനത് പറഞ്ഞിട്ടുണ്ടാകുക. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മൂന്നു തവണ എനിക്ക് മുഖ്യമന്ത്രിയാകാൻ അവസരം നൽകി. എന്നെ സംബന്ധിച്ചിടത്തോളം അതിലും വലിയതൊന്നും ലഭിക്കാനില്ല. ചെറുപ്പത്തിലേ രാഷ്‌ട്രീയത്തിലുണ്ട്. അവസാന ശ്വാസം വരെയും അതു തുടരണമെന്നാണ് ആഗ്രഹം.
?രാജസ്ഥാനിൽ 25ൽ എത്ര സീറ്റ് നേടും
പത്ത് സീറ്റെങ്കിലും നേടുമെന്നാണ് വിലയിരുത്തൽ. അഞ്ചിടത്ത് വിജയം സുനിശ്‌ചിതം.