
ന്യൂഡൽഹി : മദ്യനയക്കേസിലെ അറസ്റ്റിനെയും, ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. നിയമവിരുദ്ധ അറസ്റ്റാണെന്നും, ഉടനടി മോചിപ്പിക്കണമെന്നുമുള്ള ആവശ്യത്തിൽ ഉച്ചയ്ക്ക് 2.30നാണ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ നിർണായക വിധി പറയുന്നത്. ഹർജിയെ ഇ.ഡി ശക്തമായി എതിർത്തിരുന്നു. നൂറുകോടി കോഴയിടപാടിലെ മുഖ്യ സൂത്രധാരനും തലച്ചോറുമാണ് കേജ്രിവാളെന്ന് ഇ.ഡി ആരോപിച്ചു. അതേസമയം, രാഷ്ട്രീയലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനാണ് അറസ്റ്റെന്ന് കേജ്രിവാൾ പറയുന്നു.
കേജ്രിവാളിന്റെ പി.എയെ ചോദ്യംചെയ്തു
ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബിഭവ്കുമാർ, ആം ആദ്മി പാർട്ടി എം.എൽ.എ ദുർഗേഷ് പതക് എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തു. കേജ്രിവാളിന്റേതടക്കം പ്രതികളുടെ മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടതിലാണ് ബിഭവ്കുമാറിന്റെ ചോദ്യം ചെയ്യലെന്നാണ് സൂചന.
കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്ന വിലയിരുത്തിലാണ് കൂടുതൽ കാര്യങ്ങളറിയാൻ ദുർഗേഷ്പതക് എം.എൽ.എയെ വിളിച്ചുവരുത്തിയത്. 100 കോടിയുടെ ഇടപാടിൽ 45 കോടിയും ഗോവാ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം.
ഡൽഹിയിലെ സത്യസന്ധമായ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ദുർഗേഷ് പതക് പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ആം ആദ്മി നേതാക്കളെ തടയുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യലെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോപിച്ചു.