s

ന്യൂഡൽഹി: ആറുതവണ തങ്ങൾ ജയിപ്പിച്ച എം.പി പാർട്ടി മാറി ഏഴാമതും മത്സരിക്കുമ്പോൾ വോട്ടർമാരുടെ മനസിലെന്താകും. പാർട്ടിയെക്കാൾ സ്ഥാനാർത്ഥിയുടെ വ്യക്തിത്വം വോട്ടർമാരെ സ്വാധീനിക്കുന്ന അവസരമാണത്. ഒഡീഷയിലെ കട്ടക്ക് ലോക്‌സഭാ മണ്ഡലം നേരിടുന്നതും ഈ സാഹചര്യമാണ്. 1998 മുതൽ 2019വരെ ബി.ജെ.ഡിയെ പ്രതിനിധീകരിച്ച ഭർതൃഹരി മെഹ്‌താബ് ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.

ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡിയും ബി.ജെ.പിയും തമ്മിൽ 17-ാം ലോക്‌സഭയിൽ പരസ്യമായ രഹസ്യധാരണകളുണ്ടായിരുന്നു. പറയുമ്പോൾ പ്രതിപക്ഷത്തായിരുന്നെങ്കിലും ബി.ജെ.പി സർക്കാരിനെ നിർണായക ഘട്ടങ്ങളിൽ പിന്തുണച്ചത് ബി.ജെ.ഡിയാണ്.

ബി.ജെ.പി - ബി.ജെ.ഡി ധാരണയ്‌ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായുള്ള വ്യക്തി ബന്ധം ഒരു കാരണമാണെങ്കിലും ഇരുപാർട്ടികളെയും അടുപ്പിച്ച് നിറുത്താൻ എം.പിയായ ഭർതൃഹരി മെഹ്‌താബിന്റെ ഇടപെടലുകളും നിർണായകമായിരുന്നു.

ലോക്‌സഭ ഉപാദ്ധ്യക്ഷ പാനൽ അംഗമായിരുന്ന അദ്ദേഹത്തെയാണ് സ്‌പീക്കർ ഓം ബിർള നിർണായക അവസരങ്ങളിൽ സഭ നിയന്ത്രിക്കാൻ ഏൽപ്പിച്ചത്. പ്രതിപക്ഷത്തെ വേണ്ടവിധം കൈകാര്യം ചെയ്‌ത ഭർതൃഹരി അന്നേ ബി.ജെ.പിയുടെ ഗുഡ് ബുക്കിൽ ഇടം നേടി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഹരേകൃഷ്‌ണ മെഹ്‌താബിന്റെ മകനാണ്.

എപ്പോഴും സൗഹൃദ മത്സരം

ബി.ജെ.ഡി സംസ്ഥാനത്ത് വേരുറപ്പിച്ചതിന് ശേഷം നടന്ന 1998ലെ തിരഞ്ഞെടുപ്പിലാണ് ഭർതൃഹരി ആദ്യമായി കട്ടക്കിൽ നിന്ന് ജയിച്ചത്. 1998, 1999, 2004, 2009, 2014, 2019 തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 2019 തിരഞ്ഞെടുപ്പുകളിൽ ഒഴികെ ബി.ജെ.പി കട്ടക്കിൽ ഭർതൃഹരിയെ ജയിപ്പിക്കാനുള്ള സൃഹൃദമത്സരമായിരുന്നു. അതിനാൽ പോരാട്ടം നടന്നത് ബി.ജെ.ഡിയും കോൺഗ്രസും തമ്മിൽ. പക്ഷേ 2019ൽ ബി.ജെ.പിയുടെ പ്രകാശ് മിശ്ര മികച്ച പ്രകടനം നടത്തി രണ്ടാമതായി. ഭർതൃഹരിക്കെതിരെ

സന്ത്രപ്‌ത് മിശ്രയാമ്

ബി.ജെ.ഡി സ്ഥാനാർത്ഥി. സംസ്ഥാനത്ത് പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും ഇതൊരവസരമാണ്. മേയ് 25ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

2019ലെ ഫലം:

ഭർതൃഹരി മെഹ്‌താബ്(ബി.ജെ.ഡി): 5,24,592(49.5%)

പ്രകാശ് മിശ്ര(ബി.ജെ.പി): 4,03,391(38.07%)

പഞ്ചനൻ കലുംഗോ(കോൺഗ്രസ്): 99,847(9.42%)