
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സഞ്ജയ് സിംഗിന് സമൻസ് അയച്ച അഹമ്മദാബാദ് കോടതിയുടെ നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി. ഗുജറാത്ത് സർവകലാശാല സമർപ്പിച്ച മാനനഷ്‌ടക്കേസിലാണ് അഹമ്മദാബാദിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി കേജ്‌രിവാളിനും, സഞ്ജയ് സിംഗിനും സമൻസ് അയച്ചത്. സർവകലാശാലയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം. നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ കേജ്‌രിവാളിന് കൈമാറാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവകലാശാലയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ നിർദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഇരുനേതാക്കളും നടത്തിയ പ്രസ്‌താവനയാണ് മാനനഷ്‌ടക്കേസിന് അടിസ്ഥാനം.