
ന്യൂഡൽഹി : സ്ഥാനാർത്ഥികൾ അവരുടെയും, ആശ്രിതരുടെയും പേരിലുള്ള മുഴുവൻ ജംഗമ സ്വത്തുക്കളുടെയും വിവരം നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തേണ്ടതില്ലെന്നും, ആഢംബര ജീവിതത്തിന്റെ ഭാഗമായി വൻവിലയുള്ളവ വെളിപ്പെടുത്തിയാൽ മതിയെന്നും സുപ്രീംകോടതി.
ഭാര്യയുടെയും മകന്റെയും പേരിലുള്ള മൂന്ന് വാഹനങ്ങളുടെ വിവരം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് അരുണാചൽ പ്രദേശിലെ സ്വതന്ത്ര എം.എൽ.എ കാരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു. . ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കാരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസും, സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് ശരി വച്ചു. നാമനിർദ്ദേശപത്രിക നൽകുന്നതിന് മുൻപു മൂന്നു വാഹനങ്ങളും വിൽക്കുകയോ, സമ്മാനമായി നൽകുകയോ ചെയ്തിട്ടുണ്ട്.. അതിനാൽ ഭാര്യയുടെയും മകന്റെയും ഉടമസ്ഥതയിലായിരുന്നുവെന്ന് പറയാനാകില്ല. വാഹനങ്ങളുടെ വിവരം വെളിപ്പെടുത്താത്തത് ക്രമക്കേടായി കാണാനാവില്ല.
സ്ഥാനാർത്ഥി തന്റെ ജീവിതം സമ്പൂർണമായി വോട്ടർമാരുടെ പരിശോധനയ്ക്ക് വിട്ടു കൊടുക്കണമെന്ന കോൺഗ്രസിലെ എതിർ സ്ഥാനാർഥിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. വോട്ടർമാർ അറിയേണ്ടാത്ത കാര്യങ്ങളിൽ സ്ഥാനാർത്ഥിയുടെ സ്വകാര്യത നിലനിൽക്കും.ആഢംബര ജീവിതം പ്രതിഫലിപ്പിക്കുന്ന തരത്തിൽ അത്രയും വില മതിക്കുന്ന ജംഗമ വസ്തുക്കളല്ലാതെ, വസ്ത്രങ്ങൾ, പാദരക്ഷകൾ, പാത്രങ്ങൾ, സ്റ്റേഷനറി, ഫർണിച്ചർ എന്നിവയെക്കുറിച്ച് വെളിപ്പെടുത്തേണ്ട. , ഉയർന്ന മൂല്യമുള്ള ആസ്തികൾ വെളിപ്പെടുത്തണം. വോട്ടർമാർക്ക് സ്ഥാനാർത്ഥിയുടെ ജീവിത രീതിയെക്കുറിച്ചറിയാൻ അതാവശ്യമാണ്. വൻ വിലയുള്ള വാച്ച് സ്ഥാനാർത്ഥിയുടെ ആഢംബര ജീവിതം കാണിക്കുന്നതാണ്.
ജംഗമ സ്വത്തുക്കൾ
1. സ്വർണാഭരണം,
2. വാഹനങ്ങൾ, വിമാനം, കപ്പൽ തുടങ്ങിയവ
3. കൈയിലുള്ള .പണം
4. ബാങ്ക്, പോസ്റ്റൽ, ഓഹരി നിക്ഷേപങ്ങൾ
5. ഇൻഷ്വറൻസ് പോളിസി