കേജ്രിവാളിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും, ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ശരിവച്ച് ഡൽഹി ഹൈക്കോടതി. രണ്ടു നടപടികൾക്കുമെതിരെ കേജ്രിവാൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ തള്ളി. ഇതോടെ കേജ്രിവാൾ ജയിലിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ അഭിഭാഷകർ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.
കോഴയിടപാടിൽ കേജ്രിവാളിന്റെ പങ്കിന്റെ തെളിവുകളാണ് ഇ.ഡി ശേഖരിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാപ്പുസാക്ഷികളുടെയും ഹവാല ഇടപാടുകാരുടെയും മൊഴികളുണ്ട്.
ഹർജി തള്ളിയതിന് അഞ്ച് കാരണങ്ങൾ
 കേജ്രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. കോഴപ്പണം ഉപയോഗിച്ചതിലും, ഒളിപ്പിച്ചതിലും പങ്കാളിയായി. മദ്യനയം രൂപീകരിച്ചതിലും കോഴ ആവശ്യപ്പെട്ടതിലും വ്യക്തിപരമായും പാർട്ടി ദേശീയ കൺവീനർ എന്ന നിലയിലും ബന്ധം.
  കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. തിരഞ്ഞെടുപ്പിന് കേജ്രിവാൾ പണം നൽകിയെന്ന് മൊഴിയുണ്ട്.
  മാപ്പുസാക്ഷിയുടെ മൊഴിയുടെ വിശ്വാസ്യത കേജ്രിവാൾ ചോദ്യം ചെയ്തിരുന്നു. കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. അതിനെ സംശയിക്കുന്നത് കോടതിയുടെയും ജഡ്ജിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. മാപ്പുസാക്ഷിയുമായി ബന്ധപ്പെട്ട നിയമം 100 വർഷങ്ങളിലേറെയായി നിലവിലുള്ളതാണ്.
 മാപ്പുസാക്ഷി അരബിന്ദോ ഫാർമ ഉടമ ശരത് ചന്ദ്ര റെഡ്ഡി തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന ബി.ജെ.പിക്ക് കോടികൾ നൽകിയെന്ന് കേജ്രിവാൾ ആരോപിച്ചിരുന്നു. ആര് ബോണ്ട് വാങ്ങിയെന്നത്  കോടതിയുടെ വിഷയമല്ല.
 കള്ളപ്പണ കേസിലാണ് അറസ്റ്റ്. തിരഞ്ഞെടുപ്പ് സമയം നോക്കിയല്ല, നിയമം നോക്കിയാണ് നടപടികൾ.