തിരുവനന്തപുരം: തൊണ്ടി മുതൽ മോഷണക്കേസിൽ പ്രതിയായ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതര സ്വഭാവമുള്ളതായതിനാൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ വിചാരണ അനുവദിക്കണമെന്ന് സർക്കാർ അഭിഭാഷകൻ നിഷേ രാജൻ ശങ്കർ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു..
കേസിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന കേരള ഹൈക്കോടതി നിർദ്ദേശം ചോദ്യം ചെയ്ത് ആന്റണി രാജു സമർപ്പിച്ച ഹർജി തള്ളണം. കേസ് രാഷ്ട്രീയ ഭാവിക്ക് തടസമാകുമെന്ന വാദത്തിന് അടിസ്ഥാനമില്ല. എഫ്.ഐ.ആറും മറ്റു കേസ് നടപടികളും റദ്ദാക്കിയാൽ അത് നീതി ഭരണ സംവിധാനത്തെ ബാധിക്കും.. ജുഡീഷ്യറിക്കെതിരായ ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ന്യായമായ വിചാരണ ഉറപ്പാക്കി, കുറ്റവാളികൾക്ക് ശിക്ഷ ലഭ്യമാക്കണം.
വ്യക്തികളുടെ പേര് നോക്കിയല്ല കേസിൽ തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സി.ടി. രവികുമാറും രാജേഷ് ബിൻഡലും അടങ്ങിയ ബെഞ്ച്, ആന്റണി രാജുവിന് മറുപടി സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ചു. ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ രക്ഷിക്കാൻ, കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലിൽ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമം കാട്ടിയെന്നാണ് പ്രോസിക്യൂഷൻ കേസ്.