court

ന്യൂഡൽഹി: സീറ്റ് കിട്ടാതെ മണിക്കൂറുകളോളം കോടതി മുറിയിൽ നിൽക്കേണ്ടി വരുന്ന ജൂനിയർ അഭിഭാഷകർക്കായി സ്റ്റൂളിന്റെ വരി തീർത്ത് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീംകോടതിയിലെ അപൂർവത കൗതുകവും ചർച്ചയുമായി. ഇന്നലെ രാവിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ സിറ്രിംഗിനിടെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെ ഇരിക്കുന്ന മുൻവരിക്ക് പിന്നിലായുള്ള ജൂനിയർ അഭിഭാഷകരുടെ നിൽപ്പ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ലാപ്ടോപ്പും നിയമപുസ്തകങ്ങളും ഫയലുകളും ഉൾപ്പടെ താങ്ങിപ്പിടിച്ച് അവർ അനുഭവിക്കുന്ന പെടാപ്പാട് കണ്ടതോടെ വിഷയത്തിൽ ഇടപെടാൻ അദ്ദേഹം തീരുമാനിച്ചു. കോടതിയിൽ അവർക്ക് ഇരിക്കാൻ എങ്ങനെ സൗകര്യം ഏർപ്പെടുത്താൻ കഴിയുമെന്ന് ചിന്തിച്ചു. സ്റ്റൂൾ എങ്കിലും ഏർപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കാൻ കോർട്ട് മാസ്റ്ററോട് പറഞ്ഞു. ഇതിനിടെ ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു. ഇതിനിടെ അതാ വരുന്നു ഒന്നല്ല, രണ്ടല്ല ഒരു വരിയിൽ ക്രമീകരിക്കാൻ അത്രയുമുള്ള സ്റ്റൂളുകൾ. ഇതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും കോടതിമുറിയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. സ്റ്രൂളിലിരുന്ന് ഓകെ പറഞ്ഞു. ചീഫ് ജസ്റ്റിസ് കാരുണ്യത്തിന്റെ പ്രതിരൂപമെന്ന് സോളിസിറ്റർ ജനറൽ പുകഴ്ത്തി. എല്ലാ കോടതികളിലും നടപ്പാക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.