
ന്യൂഡൽഹി: മുസ്ളിം വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കുന്നതിൽ മുന്നിലാണ് ഹൈദരാബാദ് എം.പി അസദുദ്ദീൻ ഓവൈസി നേതൃത്വം നൽകുന്ന ഇന്ത്യ മജ്‌ലിസ്- ഇ- ഇത്തിഹാദ്- ഉൽ- മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടി. എന്നാൽ മുഖ്യ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് അകന്നു നിൽക്കുന്ന ഇവർക്ക് ബി.ജെ.പിയുടെ ബി ടീമെന്ന പേരുദോഷവുമുണ്ട്.
രാജ്യത്ത് മുസ്ളിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നതാണ് ആരോപണത്തിനു പിന്നിൽ. പക്ഷേ തെലങ്കാനയിൽ ശക്തിയാർജ്ജിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഓവൈസിയും എതിരാളിയാണ്. തലസ്ഥാനമായ ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിൽ 2004 മുതൽ സിറ്റിംഗ് എം.പിയായ ഓവൈസിക്കെതിരെ കൊമ്പെല്ലാ മാധവി ലത എന്ന വനിതയെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
ഹൈദരാബാദ് മണ്ഡലം ഓവൈസിക്ക് കുടുംബസ്വത്ത് പോലെയാണ്. പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഓവൈസി 1984 മുതൽ 1999 വരെ ഇവിടെ എം.പിയായിരുന്നു. 2004 മുതൽ 20 വർഷമായി മകനും. പിതാവിന്റെയും മുത്തച്ഛന്റെയും രാഷ്ട്രീയ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന അസദുദ്ദീൻ ഓവൈസി പാർട്ടിയുടെ മൂന്നാം ദേശീയ പ്രസിഡന്റാണ്. ബി.ജെ.പി ജയിച്ച ഗോഷാമഹൽ ഒഴികെ മണ്ഡലത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളും പാർട്ടിയുടെ കൈവശമാണ്.
അപ്രതീക്ഷിതമായാണ് ഹൈദരാബാദ് വിരിഞ്ചി ആശുപത്രി മേധാവിയും സാമൂഹ്യ പ്രവർത്തകയുമായ മാധവി ലതയെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ആർ.എസ്.എസ് ആഭിമുഖ്യമുണ്ടെങ്കിലും രാഷ്‌ട്രീയ രംഗത്ത് അപരിചിത. പക്ഷേ 2019ൽ മുത്തലാഖിനെതിരായ പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്നു. മുത്തലാഖ് നിരോധനത്തെ എതിർത്ത ഓവൈസിക്കെതിരെ മാധവി മത്സരിക്കുമ്പോൾ രാഷ്‌ട്രീയം വ്യക്തം. 18 വർഷത്തെ ജീവകാരുണ്യ പ്രവർത്തന അനുഭവമുള്ള അവർ മുസ്ളിം സ്‌ത്രീകളുടെ ഉന്നമനത്തിനായും പ്രവർത്തിച്ചു. ഹൈദരാബാദിലെ മുസ്ളിം വോട്ടിനെ ഇതുവഴി സ്വാധീനിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. മികച്ച പ്രാസംഗികയുമാണ്.
നാരീ ശക്തിയെ വാഴ്‌ത്തുന്ന ബി.ജെ.പിക്ക് സംരംഭകയും ജീവകാരുണ്യ പ്രവർത്തകയും നർത്തകിയും മൂന്നു കുട്ടികളുടെ അമ്മയുമായ മാധവി യോജിച്ച സ്ഥാനാർത്ഥിയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാജ്യസഭാംഗമാക്കാനും സാദ്ധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മാധവിയുടെ 'ആപ് കീ അദാലത്ത്" എന്ന ടിവി ഷോയെ പ്രകീർത്തിച്ച് എക്‌സിൽ കുറിച്ചിരുന്നു. അതിലെ ഇടപെടലുകൾ മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പരിപാടി കാണാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.
ഹൈദരാബാദിൽ നാലാം ഘട്ടത്തിൽ മേയ് 13നാണ് വോട്ടെടുപ്പ്. എ.ഐ.എം.ഐ.എമ്മിനും ബി.ജെ.പിക്കും പുറമേ കോൺഗ്രസും ബി.ആർ.എസും മത്സരരംഗത്തുണ്ട്.
2019ലെ ഫലം
അസദുദ്ദീൻ ഓവൈസി (എ.ഐ.എം.ഐ.എം): 5,17,471 (58.95%)
ഭഗവന്ത് റാവു (ബി.ജെ.പി): 2,35,285 (26.8%)
പുസ്‌തെ ശ്രീകാന്ത് (ടി.ആർ.എസ്): 63,239 (7.2%)
ഫിറോസ് ഖാൻ (കോൺഗ്രസ്): 49,944 (5.69%)