
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഏഴ് മണ്ഡലങ്ങളും ബംഗാളിലെ അസൻസോൾ, ചണ്ഡിഗഢിലെ ഏക സീറ്റ് എന്നിവ ഉൾപ്പെടുത്തി ബി.ജെ.പിയുടെ പത്താം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ചണ്ഡിഗഢിൽ ബോളിവുഡ് താരം അനുപം ഖേറിന്റെ ഭാര്യയും സിറ്റിംഗ് എം.പിയുമായ കിരൺ ഖേറിന് സീറ്റില്ല. പകരം സഞ്ജയ് ടാണ്ഡനെ സ്ഥാനാർത്ഥിയാക്കി. അസൻസോൾ, യു.പിയിലെ അലഹബാദ് അടക്കം മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാർക്ക് സീറ്റ് നൽകിയിട്ടില്ല.
അസൻസോളിൽ സിറ്റിംഗ് എം.പി ഭോജ്പുരി താരം പവൻ സിംഗിനെ മാറ്റി മുതിർന്ന നേതാവും ബർദ്ധമാനിലെ സിറ്റിംഗ് എം.പിയുമായ എസ്.എസ്.അലുവാലിയയെ കൊണ്ടുവന്നു. ബലിയയിൽ സിറ്റിംഗ് എം.പി വീരേന്ദ്ര സിംഗ് മസ്‌തിനുപകരം
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറാണ് സ്ഥാനാർത്ഥി.
അലഹബാദിൽ മുൻ കോൺഗ്രസ് നേതാവും സിറ്റിംഗ് എം.പിയുമായ റീത്ത ബഹുഗുണ ജോഷിക്ക് പകരം മുൻ നിയമസഭ സ‌്‌പീക്കർ കേസരി നാഥ് ത്രിപാഠിയുടെ മകൻ നീരജ് ത്രിപാഠി മത്സരിക്കും.
ബി.പി.സരോജൻ (മച്ച്‌ലിഷഹർ), വിനോദ് സോങ്കർ (കൗസംഭി) എന്നീ സിറ്റിംഗ് എം.പിമാരും ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ സഹായി പരസ് നാഥ് റായി (ഗാസിപ്പൂർ), പർവീൺ പട്ടേൽ (ഫുൽപൂർ), മെയിൻ പുരിയിൽ സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവിനെതിരെ ജയ്‌വീർ സിംഗ് എന്നിവരാണ് പട്ടികയിലെ മറ്റു പേരുകാർ.