
ന്യൂഡൽഹി: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മദ്ധ്യപ്രദേശ് ബേട്ടൂൽ ലോക്‌സഭ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി. മേയ് ഏഴാണ് പുതിയ തീയതി. ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. ബി.എസ്.പി സ്ഥാനാർത്ഥി അശോക് ഭലവിയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്.
ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ 52-ാം വകുപ്പ് പ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥി മരിച്ചാൽ വോട്ടെടുപ്പ് മാറ്റിവയ്‌ക്കാം. പുതിയ വിജ്ഞാപനം ഏപ്രിൽ 12ന് പുറപ്പെടുവിക്കും. സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കാൻ 19 വരെ സമയമുണ്ട്. ബി.എസ്.പി സ്ഥാനാർത്ഥിക്കു മാത്രമേ പത്രിക സമർപ്പിക്കാനാകൂ. പത്രിക പിൻവലിക്കാത്ത മറ്റ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത് തുടരും.