
ന്യൂഡൽഹി: പീഡനക്കേസിലെ വിചാരണ സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീംകോടതി.
150 തവണ കാമുകൻ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. തമിഴ്നാട്ടിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ മലയാളി വിദ്യാർത്ഥികളുടേതാണ് കേസ്. 2011ലാണ് യുവതി പരാതി നൽകിയത്. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നെന്നും
വിവാഹം കഴിക്കാത്തതിന്റെ പേരിലുള്ള പകയാണെന്നുമാണ് യുവാവ് കോടതിയെ അറിയിച്ചത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിക്ക് പീഡനമേറ്റിട്ടില്ലെന്ന് തെളിഞ്ഞിരുന്നതായും വാദിച്ചു. മറ്റൊരാളുമായി വിവാഹിതയായ സാഹചര്യത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് അഭിഭാഷകൻ മുഖേന യുവതിയും അറിയിച്ചു. ഇതോടെ, എന്തുചെയ്യണമെന്ന ആലോചനയിലായി ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച്. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദ പ്രകാരം നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കാൻ സുപ്രീംകോടതിക്ക് കഴിയുമെന്ന് യുവാവിന്റെ അഭിഭാഷകൻ എം.ആർ. അഭിലാഷ് കോടതിയിൽ വാദിച്ചു. കേസിന്റെ പ്രത്യേക സാഹചര്യം ബോദ്ധ്യമായ സുപ്രീകോടതി തുടർന്ന് ഈ അധികാരം ഉപയോഗിച്ച് വിചാരണാനടപടികൾ റദ്ദാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു.
2006 മുതൽ 2010 വരെ തമിഴ്നാട്ടിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായിരുന്നു മലയാളി കമിതാക്കൾ. ആൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിവാഹം നടന്നില്ല. ഇതിനിടെ തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പീഡനക്കേസ് നൽകുകയായിരുന്നു. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ആരോപിച്ചു. ദുബായിയിൽ ജോലി കിട്ടിയ യുവാവ് അവധിക്ക് നാട്ടിൽ വന്നപ്പോൾ 22 ദിവസം ജയിലിലുമായി.