s

ന്യൂഡൽഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ബുദ്ധിമുട്ടുകയാണെന്ന ആരോപണങ്ങൾ തെറ്റാണെന്നും അവർ സന്തോഷത്തോടെയും അഭിവൃദ്ധിയോടെയുമാണ് ജീവിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കൻ പ്രസിദ്ധീകരണമായ ന്യൂസ്‌വീക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനപ്രീതിയുള്ള സർക്കാരുകൾ തുടർച്ചയായി രണ്ടുതവണ അധികാരത്തിലേറുമ്പോൾ പിന്തുണ നഷ്‌ടപ്പെടുന്ന പതിവ് തന്റെ സർക്കാർ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്കിൽ രണ്ടാം തവണയാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവർ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്.

തങ്ങൾക്കെതിരായ ആരോപണങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പോലും ചെവിക്കൊള്ളുന്നില്ല. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, ജൈന, പാർസി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾ ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നു. സർക്കാർ പദ്ധതികളും സംരംഭങ്ങളും ഏതെങ്കിലും പ്രത്യേക സമുദായത്തിലോ, മേഖലയിലോ ഉള്ളവർക്കായി പരിമിതപ്പെടുത്തിയിട്ടില്ല.

തന്റെ സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾ ഇന്ത്യയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ചില ആളുകൾക്ക് ചിന്താ പ്രക്രിയ നഷ്ടമായതിനെ തുടർന്നാണ്. രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം ഭരണഘടനയിലും ആളുകളുടെ ജീനുകളിലുമുണ്ട്. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ തന്റെ സർക്കാരിന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. അത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേട്ടമാകും.

ബീജിംഗുമായുള്ള ബന്ധം പ്രാധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. അതുവഴി ഉഭയകക്ഷി ഇടപെടലുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. നയതന്ത്ര, സൈനിക തലങ്ങളിലെ ഇടപെടലിലൂടെ അതിർത്തിയിൽ സമാധാനം നിലനിറുത്താനാകും.

സമാധാനവും സുരക്ഷയും സമൃദ്ധിയും നിലനിറുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കാശ്‌മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയത് ജനങ്ങൾക്ക് ജീവിതത്തിൽ ആദ്യമായി പുതിയ പ്രതീക്ഷ നൽകി.

നല്ല നേതാവ് നല്ല ശ്രോതാവായിരിക്കണം. തന്റെ ഏറ്റവും വലിയ ഗുണം അതാണ്. നേതാക്കൾക്ക് താഴെ നിന്ന് മുകളിലേക്ക് ഫീഡ്‌ബാക്ക് ചാനൽ അനിവാര്യമാണ്. താഴെത്തട്ടുമായി ബന്ധപ്പെടാനും കലർപ്പില്ലാതെ വിവരങ്ങൾ നേടാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട കാര്യങ്ങൾ മനസിലാക്കാനും ചർച്ച ചെയ്യാനും സമവായമുണ്ടാക്കാനും താൻ മണിക്കൂറുകളോളം ചെലവഴിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.