ന്യൂഡൽഹി : കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹ്യമാദ്ധ്യമങ്ങൾ വ്യാപകമായി ദുരുപയോഗിക്കുന്നുവെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിധി പറയാനായി മാറ്രിവച്ച തിരഞ്ഞെടുപ്പ് കേസിൽ, തനിക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവുണ്ടായെന്ന് അസാമിലെ എം.എൽ.എ കരീം ഉദ്ദിൻ ബർഭുയ ഫേസ്ബുക്ക് പോസ്റ്രിട്ടിരുന്നു. ഇതിൽ കോടതിയലക്ഷ്യത്തിന് തുടക്കമിട്ടാണ് നിരീക്ഷണം. എം.എൽ.എ നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശിച്ചു.
എം.എൽ.എയായി തന്നെ തിരഞ്ഞെടുത്തതിനെതിരെ എതിർസ്ഥാനാർത്ഥി സമർപ്പിച്ച ഹർജി റദ്ദാക്കണമെന്ന ആവശ്യവുമായാണ് കരീം സുപ്രീംകോടതിയെ സമീപിച്ചത്. കരീമിന് അനുകൂലമായി ഏപ്രിൽ എട്ടിനാണ് വിധി വന്നത്. തനിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടെന്ന മട്ടിൽ കരീം മാർച്ച് 20ന് പോസ്റ്റിട്ടതാണ് കോടതിയലക്ഷ്യത്തിന് കാരണമായത്. നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും
ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ മറവിൽ, കോടതിയെ കുറിച്ച് തെറ്രിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗൗരവമായി കാണണം. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള അവാസ്തവ പ്രചാരണങ്ങളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മുൻപും ആശങ്ക പ്രകടിപ്പിച്ചിരുന്നു.