ന്യൂഡൽഹി : സ്ത്രീധന പീഡന മരണക്കേസുകളിലെ സാക്ഷികൾക്ക് വ്യക്തിപരമായി താത്പര്യമുണ്ടെന്ന കാരണത്താൽ അവരുടെ മൊഴി അവഗണിക്കരുതെന്ന് സുപ്രീംകോടതി. ഇരയുടെ കുടുംബാംഗങ്ങളുടെ മൊഴിയുടെ കാര്യത്തിലാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീ അടുത്ത കുടുംബാംഗങ്ങളോട് കാര്യങ്ങൾ തുറന്നുപറയാൻ സാദ്ധ്യതയുണ്ട്. അതിനാൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കുടുംബാംഗങ്ങളുടെ മൊഴി നിർണായകമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവരുടെ മൊഴി പക്ഷപാതമുള്ളതാണെന്ന് വിലയിരുത്തിയാൽ വിശ്വാസ്യതയുള്ള മറ്റു സാക്ഷിമൊഴികൾ ലഭിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സ്ത്രീധന മരണക്കേസിലെ പ്രതിയായ ഭർത്താവ് വീണ്ടും വിചാരണ നേരിടണമെന്ന് കർണാടകയിലെ ഒരു കേസിൽ ഉത്തരവിട്ടാണ് നിരീക്ഷണങ്ങൾ.