
ന്യൂഡൽഹി: മുതിർന്ന നേതാവ് എ.ക. ആന്റണിയുടെ പ്രസ്‌താവനയ്‌ക്കു പിന്നാലെ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ ഉത്തർപ്രദേശിലെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്കാഗാന്ധിയും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. രാഹുൽ മത്സരിക്കുന്ന വയനാട്ടിലെ വോട്ടെടുപ്പ് കഴിയുന്ന ഏപ്രിൽ 26ന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായേക്കും. മേയ് 20ന് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന രണ്ടിടത്തും പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 3 ആണ്.
2019ൽ അമേഠിയിൽ തന്നോട് പരാജയപ്പെട്ട രാഹുലിനെ വീണ്ടും മത്സരിക്കാൻ ബി.ജെ.പി സ്ഥാനാർത്ഥി സ്‌മൃതി ഇറാനി വെല്ലുവിളിക്കുന്നുണ്ട്. ഇപ്പോൾ അത് സ്വീകരിച്ചാൽ വയനാട്ടിൽ ഇടതു പാർട്ടികൾ അടക്കം ആയുധമാക്കും. വയനാട്ടിൽ മത്സരിക്കുന്നത് വെറുതെയാണെന്ന്. റായ്ബറേലിയിൽ സിറ്റിംഗ് എം.പി സോണിയാ ഗാന്ധി രാജ്യസഭാംഗത്വം സ്വീകരിച്ചതോടെ പ്രിയങ്കാഗാന്ധി മത്സരിക്കുമെന്നാണ് അഭ്യൂഹം.
2019-ൽ കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ റായ്ബറേലിയിൽ സോണിയയും അമേഠിയിൽ രാഹുലും ഉണ്ടായിരുന്നു. സോണിയ ജയിച്ചപ്പോൾ രാഹുൽ സ്‌മൃതി ഇറാനിയോട് തോറ്റു. വയനാട്ടിലും മത്സരിച്ചതിനാൽ രാഹുലിന് രക്ഷയായി.
ഇത്തവണ ആദ്യ പട്ടികയിൽ തന്നെ വയനാട്ടിൽ രാഹുലിനെ പ്രഖ്യാപിച്ചിരുന്നു. അതുകഴിഞ്ഞ് 12 പട്ടികകൾ വന്നിട്ടും അമേഠിയിലും റായ്ബറേലിയിലും ആരെയും പ്രഖ്യാപിച്ചിട്ടില്ല. ഇനിയും സമയമുണ്ടെന്നാണ് യു. പി കോൺഗ്രസ് നേതാക്കൾ പറയുന്നത്. മത്സരിക്കാതിരുന്നാൽ ഗാന്ധി കുടുംബം പേടിച്ച് ഓടിപ്പോയെന്ന് ബി.ജെ.പി പരിഹസിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മഹാരാജ്ഗഞ്ച്, ഡിയോറിയ, ബൻസ്ഗാവ്, വാരാണസി തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
റായ്ബറേലിയിൽ മത്സരിക്കില്ലെന്ന് പറഞ്ഞെങ്കിലും ഡൽഹിയിൽ 'ഇന്ത്യാ' മുന്നണി റാലിയിലും പ്രചാരണത്തിലും സജീവമായ പ്രിയങ്ക മനസു മാറ്റുമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുൻപ് രാഹുലിനും പ്രിയങ്കയ്‌ക്കും മറ്റിടങ്ങളിൽ പ്രചാരണത്തിന് സമയം ലഭിക്കുമെന്നും പാർട്ടി കരുതുന്നു.
അഞ്ച് വർഷത്തിനിടെ രാഹുൽ അമേഠി സന്ദർശിച്ചത് നാല് തവണ മാത്രമാണ്. സ്‌മൃതി ഇറാനി 2019ൽ രാഹുലിനെതിരെ ഉന്നയിച്ചതും മണ്ഡലത്തിൽ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണമാണ്. ആരോഗ്യകാരണങ്ങളാൽ സോണിയയുടെ റായ്ബറേലി സന്ദർശനവും കുറവായിരുന്നു.
സ്ഥാനാർത്ഥികൾ വൈകുന്നത് അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ബി.ജെ.പി ഓഫീസുകൾ സജീവമാണ്. കോൺഗ്രസ് ഓഫീസുകളിൽ ആളനക്കമില്ല. സഖ്യകക്ഷിയായ സമാജ്‌വാദി പ്രവർത്തകരും നിരാശയിലാണ്. അമേഠി ബൈപാസ്, തിലോ മെഡിക്കൽ കോളേജ്, ജഗദീഷ്‌പൂർ ട്രോമ സെന്റർ, കൊക്കകോള ബോട്ടിലിംഗ് പ്ലാന്റ് തുടങ്ങിയവ ഉയർത്തി സ്‌മൃതി ഇറാനി പ്രചാരണം തുടങ്ങി. അമേഠിയിലെ ഗൗരിഗഞ്ചിൽ വീടുവാങ്ങി വോട്ടറുമായി.