
ന്യൂഡൽഹി:സ്വന്തം മണ്ണിൽ ഭീകരവാദം തടയാൻ കഴിവില്ലെങ്കിൽ പാകിസ്ഥാനെ ഇന്ത്യ സഹായിക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരരുടെ സഹായത്തിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമമെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. ഒരു
വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
പാകിസ്ഥാൻ ഭീകരവാദത്തെ സ്വയം നിയന്ത്രിക്കണം. അല്ലാത്തപക്ഷം, അവർക്ക് ഇന്ത്യയിൽ നിന്ന് സഹായം സ്വീകരിക്കാം. രണ്ടുരാജ്യങ്ങൾക്കും ചേർന്ന് ഭീകരവാദത്തെ അവസാനിപ്പിക്കാം. മോദി ഭരണത്തിനു കീഴിൽ രാജ്യത്തിന്റെ ഒരിഞ്ചുപോലും നഷ്‌ടപ്പെടില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള ചർച്ചകളിൽ വിശ്വാസമുണ്ട്. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ചൈനയുടെ നിർമ്മാണങ്ങൾ ഭീഷണിയല്ലെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം നിലനിറുത്തലാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീകരരെ ഇന്ത്യ പിന്തുടരുമെന്ന് പറഞ്ഞ് ഒരാഴ്‌ചയ്ക്കു ശേഷമാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.
ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയെക്കുറിച്ചും രാജ്‌നാഥ് സിംഗ് സംസാരിച്ചു. അന്ന് 24-ാം വയസിൽ 18 മാസം ജയിലിൽ കിടന്ന തനിക്ക് അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പരോൾ നൽകിയില്ല. ആ കോൺഗ്രസാണ് ഇപ്പോൾ ഞങ്ങളെ സ്വേച്ഛാധിപതികൾ എന്ന് വിളിക്കുന്നത്.
കോൺഗ്രസ് പ്രകടനപത്രിക പിന്തിരിപ്പനാണ്. ബി.ജെ.പി മികച്ചത് പുറത്തിറക്കും. കോൺഗ്രസും 'ഇന്ത്യ" കൂട്ടായ്‌മയും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. ബി.ജെ.പി ആരെയും പ്രീണിപ്പിക്കുന്നില്ല. എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് നന്നാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് നേതാക്കൾ പാർട്ടി വിടുന്നത്. അഗ്നിവീർ പദ്ധതി പിൻവലിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനം അധികാരത്തിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലാണെന്നും രാജ്നാഥ് പറഞ്ഞു.