
ന്യൂഡൽഹി: ഈ തിരഞ്ഞെടുപ്പ് ശതകോടീശ്വരന്മാരും ദരിദ്രരായ 90 ശതമാനം ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭീഷണി നേരിടുന്ന ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാജസ്ഥാനിലെ ബിക്കാനീറിൽ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബി.ജെ.പി നടപ്പാക്കിയ സേനാ റിക്രൂട്ട്മെന്റിനുള്ള അഗ്നിപഥ് പദ്ധതി റദ്ദാക്കും. കർഷകരുടെ കടം എഴുതിത്തള്ളും. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ, ദരിദ്ര വിഭാഗങ്ങൾ വിവേചനം നേരിടുകയാണ്. ജനസംഖ്യയുടെ 90 ശതമാനത്തിലധികം വരുന്ന ഇവർക്ക് ഭരണ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും പ്രാതിനിധ്യമില്ല. ഈ കാരണത്താലാണ് ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ആരാണ് നിയന്ത്രിക്കുന്നതെന്ന് അപ്പോൾ അറിയാം. 70 കോടി ഇന്ത്യക്കാർക്ക് തുല്യമായ സമ്പത്ത് ഇന്ത്യയിലെ 22 പേർ പങ്കിടുന്നു.
രാജ്യത്ത് അതിരൂക്ഷമായ തൊഴിലില്ലായ്മയാണ്. ഇതിൽ കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ തെറ്റാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ വകുപ്പുകളിലെ 30 ലക്ഷം ഒഴിവുകൾ ഉടൻ നികത്തും. കരാർ നിയമനങ്ങൾ നിർത്തും. സ്ഥിര നിയമനവും പെൻഷനും ഉറപ്പാക്കും.
അഗ്നിപഥ് നിർത്തി സേനയിലെ ദീർഘകാല സേവന രീതിയും പെൻഷൻ ആനുകൂല്യങ്ങളും തുടരും. വിളകൾക്ക് താങ്ങുവില ആവശ്യപ്പെട്ട കർഷകരെ നരേന്ദ്രമോദി ഭീകരവാദികളെന്ന് വിളിച്ചു. 20-25 കോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളാമെങ്കിൽ എന്തുകൊണ്ട് കർഷകരുടെ കടം എഴുതിത്തള്ളുന്നില്ല? ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒരു കുടുംബവും രാജ്യത്ത് ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. അതിനായി എല്ലാ ദരിദ്ര കുടുംബങ്ങളിലെയും ഒരു സ്ത്രീക്ക് പ്രതിമാസം 8,500 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നും രാഹുൽ പറഞ്ഞു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര തുടങ്ങിയവരും പങ്കെടുത്തു.