priyanka

ന്യൂഡൽഹി: ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്ക് പോലും തൊഴിലില്ലാത്ത സാഹചര്യമാണ് രാജ്യത്തെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പത്തുവർഷമായി ഭരണത്തിലില്ലെന്നും ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് ഉത്തരവാദികൾ ബി.ജെ.പി സർക്കാരാണെന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന റാലിയിൽ പ്രിയങ്ക ആരോപിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നു. പ്രധാനമന്ത്രി മോദി രാജ്യത്തിന് നൽകിയത് തൊഴിലില്ലായ്മ മാത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, റെയിൽവേ, തുറമുഖങ്ങൾ എന്നിവയെല്ലാം വ്യവസായി സുഹൃത്തുക്കളെ ഏൽപ്പിക്കുന്നതാണ് സർക്കാർ നയം. ബി.ജെ.പിയുടെ മോശം സാമ്പത്തിക നയങ്ങൾ കാരണം രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ ദുരിതത്തിലാണ്.
ഗ്ലോബൽ ഐ.ഐ.ടി അലുമ്‌നി സപ്പോർട്ട് ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മുൻനിര ഐ.ഐ.ടി ക്യാമ്പസുകളിലെ 35-40 ശതമാനം വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചിട്ടില്ല. ഇൻഡോർ ഐ.ഐ.ടി, പാട്ന ഐ.ഐ.ടി, ഭിലായി ഐ.ഐ.ടി തുടങ്ങിയ പുതിയ സ്ഥാപനങ്ങളിലെ അവസ്ഥ പരിതാപകരമാണ്.

പത്തുവർഷം സമ്പൂർണ ഭൂരിപക്ഷത്തോടെ ഭരിച്ച ബി.ജെ.പി സർക്കാരിന് എന്തുകൊണ്ട് തൊഴിലില്ലായ്‌മ പരിഹരിക്കാൻ കഴിഞ്ഞില്ല. എന്നിട്ടാണിപ്പോൾ 400ന് മുകളിൽ സീറ്റുവേണമെന്ന് പറയുന്നത്. തൊഴിലില്ലായ്‌മ രൂക്ഷമായതിന് പതിറ്റാണ്ടായി അധികാരത്തിന് പുറത്തുള്ള കോൺഗ്രസിനെ എത്രനാൾ ബി.ജെ.പി കുറ്റപ്പെടുത്തും. 75 വർഷം കോൺഗ്രസ് ഒന്നും ചെയ്‌തില്ലെന്നാണ് അവരുടെ ആരോപണം. 1950കളിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുൻകൈയെടുത്താണ് രാജ്യത്ത് ഐ.ഐ.ടി, എയിംസ്, ഐ.ഐ.എമ്മുകൾ സ്ഥാപിച്ചത്. ചന്ദ്രയാൻ വിക്ഷേപണത്തിന് അടിത്തറയിട്ടതും 1950കളിലെ നെഹ്‌റു സർക്കാരാണ്. അല്ലായിരുന്നെങ്കിൽ ഇന്നത്തെ നേട്ടങ്ങൾ സാദ്ധ്യമാകില്ലായിരുന്നു. പാചക വാതക സിലിണ്ടർ വില കുറയ്‌ക്കുമെന്ന് ബി.ജെ.പി പറയുന്നു. കഴിഞ്ഞ കുറേ വർഷമായി 1200രൂപയിൽ കൂടുതൽ സിലിണ്ടറിന് നൽകുന്നില്ലേ. അപ്പോഴെല്ലാം ഇന്ത്യ ഭരിച്ചത് മോദി ആയിരുന്നില്ലേ. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്‌മയുമാണ് മോദി സർക്കാരിന്റെ നേട്ടങ്ങൾ.

പ്രളയ ദുരന്തം നേരിട്ട ഉത്തരാഖണ്ഡിന് ബി.ജെ.പി സർക്കാർ മതിയായ ദുരിതാശ്വാസ ഫണ്ട് നൽകിയില്ലെന്നും പ്രിയങ്ക ആരോപിച്ചു.