
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പുറത്തുവന്നതോടെ ഡൽഹിയിൽ മത്സരചിത്രം തെളിഞ്ഞു. മദ്യനയക്കേസിൽ 'ഇന്ത്യ" മുന്നണിയും, ബി.ജെ.പിയും ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ, രാജ്യതലസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിലും ജീവന്മരണ പോരാട്ടമാണ്. മേയ് 25നാണ് വോട്ടെടുപ്പ്.
'ഇന്ത്യ"സഖ്യത്തിന് കീഴിലാണ് കോൺഗ്രസും, ആംആദ്മിയും അണിനിരക്കുന്നത്. നാല് സീറ്റിൽ ആപ്പും, മൂന്നിൽ കോൺഗ്രസും മത്സരിക്കുന്നു. 2009ൽ ഏഴ് സീറ്രിലും കോൺഗ്രസാണ് വിജയിച്ചത്. എന്നാൽ, 2014ലും 2019ലും ഏഴിടത്തും വിജയക്കൊടി പാറിച്ചത് ബി.ജെ.പി. ഇതുവരെ ആപ്പിന് ഡൽഹിയിൽ അക്കൗണ്ട് തുറക്കാനായിട്ടില്ല.
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷനും യുവ ഫയർബ്രാൻഡുമായ കനയ്യ കുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.പിയും മനോജ് തിവാരിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയവരാണ് മണ്ഡലത്തിലെ നിർണായക വോട്ടുബാങ്ക്. രണ്ടാം തവണയാണ് കനയ്യ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 2019ൽ ബീഹാറിലെ ബെഗുസാരായിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ കോൺഗ്രസിന്റെ ജെ.പി. അഗർവാൾ, ബി.ജെ.പിയിലെ പ്രവീൺ ഖണ്ഡേൽവാളിനെ നേരിടും. നോർത്ത് വെസ്റ്റ് ഡൽഹിയിൽ ബി.ജെ.പിയിലെ യോഗേന്ദ്ര ചണ്ഡോലിയക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസ് നേതാവ് ഉദിത് രാജാണ്.
മറ്റിടങ്ങളിലെ സ്ഥാനാർത്ഥികൾ
ഈസ്റ്ര് ഡൽഹി: ബി.ജെ.പി-ഹർഷ് മൽഹോത്ര, ആം ആദ്മി പാർട്ടി-കുൽദീപ് കുമാർ
ന്യൂഡൽഹി: ബി.ജെ.പി-ബാൻസുരി സ്വരാജ്, ആം ആദ്മി പാർട്ടി-സോംനാഥ് ഭാരതി
വെസ്റ്റ് ഡൽഹി: ബി.ജെ.പി-കമൽജീത് സെഹ്രാവത്, ആം ആദ്മി പാർട്ടി-മഹാബൽ മിശ്ര
സൗത്ത് ഡൽഹി- ബി.ജെ.പി-രാംവീർ സിംഗ് ബിധുരി, ആം ആദ്മി പാർട്ടി-സാഹി രാം പെഹൽവാൻ