
ന്യൂഡൽഹി: അവിചാരിതമായി രാഷ്‌ട്രീയത്തിലെത്തി തിളങ്ങിയ രണ്ടു വനിതാ ആദിവാസി നേതാക്കളാണ് ജാർഖണ്ഡിലെ സിംഗ്ഭും ലോക്‌സഭാ മണ്ഡലത്തിൽ കൊമ്പുകോർക്കുന്നത്. ബി.ജെ.പിയുടെ ഗീത കോറയും 'ഇന്ത്യ' മുന്നണിയിലെ ഭരണകക്ഷിയായ ജെ.എം.എമ്മിന്റെ ജോബ മാജിയും. മേയ് 25നാണ് വോട്ടെടുപ്പ്.
സ്‌ത്രീ - ആദിവാസി വോട്ടർമാരുടെ സ്വാധീനം കണക്കിലെടുത്താണ് ഇരുകക്ഷികളും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 14ലക്ഷത്തിലേറെ വോട്ടർമാരിൽ 7,27,000 സ്ത്രീകളും 7,05,000 പുരുഷന്മാരും. 30% ആദിവാസികൾ. വനിതകൾ തമ്മിൽ മുഖ്യ പോരാട്ടവും ആദ്യം.
2009ൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മധു കോഡ ഖനന അഴിമതിക്കേസിൽ ജയിലിലായതോടെയാണ് ഭാര്യ ഗീത കോറ രാഷ്ട്രീയത്തിലിറങ്ങിയത്. 1994ൽ ഭർത്താവ് ദേവേന്ദ്ര മാജിയുടെ മരണത്തെ തുടർന്നാണ് ജോബ മാജിയുടെ രാഷ്‌ട്രീയപ്രവേശം.
പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലെ പ്രബലമായ ഹോ സമുദായാംഗമായ മധുകോഡ ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. 2019ൽ സംസ്ഥാനത്തെ ഏക കോൺഗ്രസ് എം.പിയായിരുന്നു. കോഡ ജയിലിലായ ശേഷം 2009ൽ ജയ് ഭാരത് സമന്ത പാർട്ടി (ജെ.ബി.എസ്.പി) സ്ഥാനാർത്ഥിയായി ജഗന്നാഥ്പൂരിൽ നിന്ന് ആദ്യമായി എം.എൽ.എയായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിഗ്‌ഭൂമിൽ ജെ.ബി.എസ്.പി ബാനറിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ ലക്ഷ്‌മൺ ഗിലുവയോട് തോറ്റു. പിന്നീട് കോൺഗ്രസിൽ ചേർന്ന് 2019ലെ തിരഞ്ഞെടുപ്പിൽ ഗിലുവയെ തോൽപ്പിച്ചു. ഗീതയുടെ ഹോ സമുദായത്തിന് മണ്ഡലത്തിലുള്ള സ്വാധീനം തുണയാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. മറ്റ് വിഭാഗങ്ങളിലും അവർക്ക് സ്വാധീനമുണ്ട്.
പൊതുപ്രവർത്തനത്തിൽ അനുഭവസമ്പന്നയാണ് ജോബ മാജി. 1995 മുതൽ അഞ്ചുതവണ മനോഹർപൂർ എം.എൽ.എയായിരുന്നു. 2009ൽ ഒരുതവണ മാത്രം തോറ്റു. ഭർത്താവ് സ്ഥാപിച്ച ജാർഖണ്ഡ് മുക്തി മോർച്ചയെ (ഡെമോക്രാറ്റിക്) 2014ൽ ജെ.എം.എമ്മിൽ ലയിപ്പിച്ചു. അവിഭക്ത ബീഹാറിലെ റാബ്‌റി ദേവി സർക്കാരിലും 2000ൽ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ആദ്യ ജാർഖണ്ഡ് സർക്കാരിലും തുടർന്ന് അർജുൻ മുണ്ട, മധു കോഡ, ഷിബു സോറൻ, ഹേമന്ത് സോറൻ സർക്കാരുകളിലും മന്ത്രിയായിരുന്നു. ഹോ സമുദായാംഗത്തെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ജെ.എം.എമ്മിൽ ആവശ്യമുയർന്നിരുന്നു.
2019ലെ ഫലം
ഗീതാ കോഡ (കോൺഗ്രസ്): 4,31,815 (49.11%)
ലക്ഷ‌്മൺ ഗിലുവ (ബി.ജെ.പി): 3,59,660 (40.90%)