kejriwal

ന്യൂഡൽഹി: തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജാമ്യം കിട്ടാൻ അമിതമായി മധുരം കഴിച്ച് പ്രമേഹം കൂട്ടുന്നതായി ഇ.ഡിയുടെ വാദം.

ഉയർന്ന പ്രമേഹം ഉണ്ടെന്ന് അവകാശപ്പെടുന്ന ആൾ മാമ്പഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത ചായയുമാണ് കഴിക്കുന്നത്. ജാമ്യം കിട്ടാനുള്ള തന്ത്രമാണിതെന്നും ഇ.ഡി അഭിഭാഷകൻ സോഹെബ് ഹൊസൈൻ പ്രത്യേക കോടതിയിൽ ആരോപിച്ചു. പ്രമേഹം 'വല്ലാതെ വർദ്ധിച്ചെന്ന' പരാതിയെ തുടർന്ന് ജയിലിൽ കേജ്‌രിവാൾ കഴിക്കുന്ന മരുന്നിന്റെയും ഭക്ഷണത്തിന്റെയും വിവരങ്ങൾ ശേഖരിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേജ്‌രിവാൾ കഴിക്കുന്നത് ഡോക്‌ടർ നിർദ്ദേശിച്ച ഭക്ഷണമാണെന്നും വീട്ടിൽ നിന്ന് ആഹാരം കൊണ്ടുവരുന്നത് തടയാനാണ് ആരോപണത്തിലൂടെ ഇഡി ശ്രമിക്കുന്നതെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വിവേക് ജെയിൻ ബോധിപ്പിച്ചു.

പ്രമേഹം മൂർച്ഛിച്ചതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെ സ്ഥിരം ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കൈയടി കിട്ടാനാണ് ഇ.ഡിയുടെ വാദങ്ങളെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ വിവേക് ജെയിൻ പ്രതികരിച്ചു. മാദ്ധ്യമങ്ങൾക്കു വേണ്ടിയാണ് ഇതു പറയുന്നത്. താൻ ഹർജി പിൻവലിക്കുകയാണെന്നും പരിഷ്‌കരിച്ച ശേഷം വീണ്ടും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

തുടർന്ന് കേജ്‌രിവാളിന്റെ ഭക്ഷണക്രമവും മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കാൻ ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് ഉച്ചയ്‌ക്ക് വീണ്ടും പരിഗണിക്കും.

കേജ്‌രിവാൾ കൊടും കുറ്റവാളിയാണെന്നും മദ്യകുംഭകോണത്തിൽ അറസ്റ്റിലായ ആൾ ജയിലിൽ 'പഞ്ചസാര കുംഭകോണ'ത്തിന് മുതിരുകയാണെന്നും ബി.ജെ.പി നേതാവ് സിർസ പരിഹസിച്ചു.