new

ന്യൂഡൽഹി: രാജ്യത്തെ പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പുതിയ കാലത്തിന് അനിവാര്യമാണെങ്കിലും നീതിന്യായ വ്യവസ്ഥയിൽ മാറ്റം വരാൻ അടിസ്ഥാന സൗകര്യ വികസനവും ശേഷി വർദ്ധിപ്പിക്കലും വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നിയമങ്ങൾ നമ്മുടെ കാലവുമായി സമന്വയിപ്പിച്ചവയാണ്. എങ്കിലും അതു വഴി രാജ്യത്തിന് നേട്ടമുണ്ടാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്ര വികസിപ്പിക്കണം. ഫോറൻസിക് വിദഗ്ദ്ധരുടെ ശേഷി വർദ്ധിപ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വിദഗ്ദ്ധ പരിശീലനം നൽകണം. കോടതി സംവിധാനം മെച്ചപ്പെടുത്തണം. ഇതിനുള്ള ശ്രമങ്ങൾ വേഗം നടത്തിയാലേ പുതിയ നിയമം സമൂഹത്തിൽ സ്വാധീനം ചെലുത്തൂ."

കോടതികളിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും വേഗത്തിൽ വിചാരണ നടത്താനുമുള്ള ഭൗതിക വിഭവങ്ങളുടെ അഭാവമുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തോടൊപ്പം തിരച്ചിൽ, പിടിച്ചെടുക്കൽ എന്നിവയുടെ ദൃശ്യ-ശ്രാവ്യ റെക്കോർഡിംഗുകൾ പുതിയ നിയമത്തിൽ നിർബന്ധമാണ്. നിലവിൽ കോടതിയിൽ അഭിഭാഷകർക്ക് നീണ്ട വിവരണം നടത്തേണ്ടി വരുന്നു. ദൃശ്യ-ശ്രാവ്യ രേഖകൾ കാര്യങ്ങൾ എളുപ്പമാക്കും. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിന്റെ ശേഷിയും വർദ്ധിപ്പിക്കണം.