ന്യൂഡൽഹി : വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങൾക്കായി യെമനിലെത്തിയ അമ്മ പ്രേമകുമാരിയും, ആക്‌ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും ഇന്ന് വൈകിട്ട് സനയിലേക്ക് പുറപ്പെട്ടേക്കും. സനയിലെ ജയിലിലാണ് നിമിഷപ്രിയ. ശനിയാഴ്ച രാത്രിയാണ് ഇരുവരും യെമനിലെ അദെൻ നഗരത്തിലെത്തിയത്. മകളെ എത്രയും വേഗം കാണാമെന്ന പ്രതീക്ഷയിലാണ് അമ്മ. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ അംഗമായ തമിഴ്നാട് സ്വദേശി സാമുവേൽ ജെറോം.
ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. 2017ൽ പാസ്പോർട്ട് തിരികെ എടുക്കാനായി യെമൻ പൗരൻ തലാൽ അബ്‌ദോ മഹദിയെ ഉറക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ.
യാത്രയ്ക്ക് കേന്ദ്രസർക്കാർ എതിർപ്പായിരുന്നെങ്കിലും ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിലപാടാണ് നിർണായകമായത്. സനയിൽ വിമതരുടെ ഭരണമാണെന്നും, സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രനിലപാട്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അമ്മ കേന്ദ്രത്തിന് കൈമാറണമെന്നും, സ്വന്തം ഉത്തരവാദിത്വത്തിലാണ് യെമനിലേക്ക് പോകുന്നതെന്ന് സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.