
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ബി.ആർ.എസ് നേതാവ് കെ. കവിതയുടെയും ജുഡിഷ്യൽ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി റൗസ് അവന്യു കോടതി. ഇരുവരെയും മേയ് ഏഴുവരെ കസ്റ്രഡിയിലേക്ക് റിമാൻഡ് ചെയ്തു. മേയ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോൺഫറൻസ് മുഖേന ഇവരെ ഹാജരാക്കണമെന്നും ജഡ്‌ജി കാവേരി ബവേജ നിർദ്ദേശിച്ചു. അതേസമയം, രക്തത്തിലെ ഷുഗർ അളവ് ഉയർന്നതിനെ തുടർന്ന് കേജ്‌രിവാളിന് തിങ്കളാഴ്‌ച രാത്രി ഇൻസുലിൻ കുത്തിവച്ചു. 70നും 100നും ഇടയിലുണ്ടാകേണ്ട ഷുഗർ നില 320ലേക്ക് ഉയർന്നതോടെയാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇൻസുലിൻ നൽകുന്നില്ലെന്ന് കേജ്‌രിവാൾ വിചാരണക്കോടതിയിൽ ആരോപിച്ചിരുന്നു. കേജ്‌രിവാളിന് ചികിത്സയ്ക്കുള്ള സൗകര്യം ജയിൽ അധികൃതർ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇൻസുലിൻ കേജ്‌രിവാളിന് ആവശ്യമായിരുന്നുവെന്ന് തെളിഞ്ഞതായി ഡൽഹിയിലെ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ബി.ജെ.പി സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ ബോധപൂർവം ചികിത്സ നിഷേധിക്കുകയാണെന്നും ആരോപിച്ചു.
അതിനിടെ കേജ്‌രിവാളിന്റെ ഭാര്യ സുനിത ഡൽഹി ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു. കേജ്‌രിവാളിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിച്ചെന്നും അടുത്ത തവണ അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിലെത്തുമെന്നും അവർ പ്രതികരിച്ചു.