
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജികൾ. കോമൺ കോസ്, സെന്റർ ഫോർ പബ്ലിക് ഇൻട്രസ്റ്റ് ലിറ്റിഗേഷൻ എന്നീ സന്നദ്ധസംഘടനകളാണ് കോടതിയെ സമീപിച്ചത്. സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ആവശ്യം. പുറത്തുവിട്ട സംഭാവനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കോർപ്പറേറ്റുകളും രാഷ്ട്രീയപാർട്ടികളും തമ്മിൽ ധാരണകൾ ഉണ്ടായിരുന്നതായി മനസിലാക്കുന്നു. സർക്കാർ കരാറുകൾ നേടാനും കേന്ദ്ര ഏജൻസികളുടെ കേസുകളിൽ നിന്ന് തലയൂരാനും നയപരമായ കാര്യങ്ങളിൽ സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകാനും സംഭാവന നൽകിയെന്നാണ് തെളിയുന്നതെന്നും ഹർജികളിൽ ആരോപിച്ചു.