ന്യൂഡൽഹി : പശ്ചിമബംഗാളിലെ 24000ൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരെ മമത ബാനർജി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജോലിക്ക് കോഴ ആരോപണമുയർന്ന 2016ലെ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്റ് മുഖേന നിയമനം നേടിയവർക്കാണ് വൻതിരിച്ചടിയേറ്റിരുന്നത്. സർക്കാർ - എയിഡഡ് സ്കൂളുകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്. നിയമപരമായ നിയമനമേത്, അല്ലാത്തത് ഏത് എന്നു വേർതിരിക്കാതെ നിയമന നടപടികൾ ഒന്നാകെ ഹൈക്കോടതി റദ്ദാക്കിയെന്ന് ബംഗാൾ സർക്കാരിന്റെ ഹർജിയിൽ വാദിച്ചു. പുതിയ നിയമന നടപടികൾക്ക് പോലും ആവശ്യത്തിന് സമയം നൽകാതെ ഇത്രയധികം അദ്ധ്യാപകരെ ഒന്നിച്ചു പുറത്താക്കുമ്പോൾ വലിയ ശൂന്യതയാണ് ഉണ്ടാകാൻ പോകുന്നത്. ഇത് വിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്നും സർക്കാർ അറിയിച്ചു.