tea-estate

.

കേരളത്തിനൊപ്പം വടക്കൻ ബംഗാളിലും ഇന്ന് വോട്ടെടുപ്പാണ്. ഇത്തവണ പ്രചാരണ കാലത്തിന് കടുപ്പം കൂട്ടിയത് ഒറ്റവിഷയം: ഡാർജിലിംഗ് ചായ! തോട്ടങ്ങളിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ,​ തേയിലപ്രശ്നമാണ് ഈ മേഖലയിൽ വിധി നിർണയിക്കുന്നതിൽ പ്രധാന ഘടകമാവുക.

വടക്കൻ ബംഗാളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോൾ,​ ഇന്നലെ വരെ പ്രചാരണകാലമത്രയും ഡാർജിലിംഗ് എന്ന ലോക പ്രശസ്‌ത തേയില ഉത്പാദിപ്പിക്കുന്ന തോട്ടങ്ങളിലെ പ്രതിസന്ധിയായിരുന്നു പ്രധാന ചർച്ച. തോട്ടങ്ങളിൽ പണിയില്ലാത്തതും ഫാക്‌ടറികൾ പൂട്ടിയതും ആയിരിക്കണക്കിന് തൊഴിലാളികളെ ദുരിതത്തിലാക്കി. പ്രചാരണത്തിൽ ബി.ജെ.പിയും തൃണമൂലും തേയിലത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെച്ചൊല്ലി പരസ്‌പരം കുറ്റപ്പെടുത്തുകയായിരുന്നു. പ്രചാരണത്തിനെത്തിയ ദേശീയ നേതാക്കളാകട്ടെ,​ തേയില വിഷയത്തിൽ തൊട്ടതേയില്ല!

കുറച്ചു വർഷം മുമ്പ്,​ ഒരു തിരഞ്ഞെടുപ്പു സമയത്ത് പശ്ചിമ ബംഗാളിലെ ആലിപുർദ്വാർ ജില്ലയിൽ തേയിലത്തോട്ടങ്ങൾ കാണാൻ പോയപ്പോൾ പരിചപ്പെട്ട മാൽപഹാരിയ എന്ന ആളുടെ നമ്പരിൽ വിളിച്ചു. അന്ന് തേയില ഫാക്‌ടറിയിൽ തൊഴിലാളി നേതാവായിരുന്ന മാൽപഹാരിയ ഇപ്പോൾ ചായക്കട നടത്തുകയാണ്. കാര്യങ്ങൾ ചോദിക്കും മുൻപേ ആൾ പറഞ്ഞു: സാർ ഇങ്ങോട്ടു വരണ്ട. ഇപ്പോളിവിടെ തേയിലയൊന്നുമില്ല. ഫാക്‌ടറികൾ പൂട്ടി. തേയില നുള്ളാൻ ആളില്ലാതെ നശിക്കുന്നു.

ചായകളിലെ

ഷാംപെയ്ൻ

ചായകളിലെ 'ഷാംപെയ്ൻ' എന്നറിയപ്പെടുന്ന ഡാർജിലിംഗ് തേയില നേരിടുന്ന വൻ പ്രതിസന്ധിയുടെ ഒരുവശം മാത്രമാണിത്. അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും വൻ ഡിമാൻഡുണ്ടെങ്കിലും തേയിലത്തോട്ടങ്ങളിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഡാർജിലിംഗ് തേയില എന്ന ബ്രാൻഡിൽ ഇറങ്ങുന്നത് കൂടുതലും നേപ്പാളിൽ നിന്നുള്ള ഗുണം കുറഞ്ഞ തേയില ഇനങ്ങളാണ്. വില കുറഞ്ഞ നേപ്പാൾ തേയില ഇറക്കുമതി കൂടിയതോടെ ഡാർജിലിംഗ് മേഖലയിലെ എഴുപതിനായിരത്തോളം തൊഴിലാളികൾക്ക് വരുമാനം കുറഞ്ഞു. നട്ടെല്ല് തകർക്കുന്ന ജോലിക്ക് പ്രതിദിനം 250 രൂപ മാത്രമാണ് കൂലി. അതുതന്നെ കൊടുക്കുന്നത് വലിയ ബാദ്ധ്യതയായാണ് തോട്ടം ഉടമകൾ കരുതുന്നത്.

മറ്റു തൊഴിലെടുക്കാമെന്നു വച്ചാൽ കിടപ്പാടം നഷ്‌ടപ്പെടും. ഇപ്പോൾ താമസിക്കുന്ന വീടുകളിൽ തുടരണമെങ്കിൽ കുടുംബത്തിലെ ഒരാളെങ്കിലും തോട്ടത്തിൽ പണിയെടുക്കണം. പലർക്കും നിയമാനുസൃതമായ ആനുകൂല്യങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ശുചിത്വം, കുടിവെള്ളം, ക്രെഷുകൾ, റേഷൻ, പാർപ്പിടം, വിദ്യാഭ്യാസ സൗകര്യങ്ങൾ, ശമ്പളത്തോടുകൂടിയ ലീവ് തുടങ്ങിയവ നിഷേധിക്കപ്പെടുന്നു. ഉടമകളിൽ 35 ശതമാനം പേർ മാത്രമാണ് പി.എഫും ഗ്രാറ്റുവിറ്റിയും കൃത്യസമയത്ത് നൽകുന്നത്. ശമ്പളം കൂട്ടിച്ചോദിച്ചാൽ ജോലിക്കു വരേണ്ടെന്നും തോട്ടം നശിച്ചാലും കുഴപ്പമില്ലെന്നുമാണ് ഉടമകളുടെ നിലപാട്.

കിഴവൻ

ചെടികൾ

ഈ സമീപനം കാരണം ഡാർജിലിംഗ് തേയിലയുടെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞുവെന്നാണ് തൊഴിലാളികൾ പറയുന്നത്. തോട്ടങ്ങളിലുള്ളത് പ്രായമേറിയ ചെടികൾ. കുറഞ്ഞത് 80 വയസ്സെങ്കിലും പ്രായം കാണും ചെടികൾക്ക്. ചിലവയ്‌ക്ക് 150 വർഷത്തിലധികം! പുതിയ ചെടികൾ നടാൻ ഉടമകൾ താത്‌പര്യം കാട്ടുന്നില്ല. പെട്ടെന്നുള്ള ലാഭത്തിൽ മാത്രമേ അവർക്ക് താത്പര്യമുള്ളൂ. കുറച്ചു വരുമാനം നേടിക്കഴിഞ്ഞാലുടൻ അവർ തോട്ടം വിൽക്കും. ലാഭത്തിന്റെ ഒരു ഭാഗം പോലും തോട്ടത്തിൽ നിക്ഷേപിക്കുന്നില്ല. പരമാവധി ആയുസായ 45 വയസ് കഴിഞ്ഞാൽ ഇലകളുടെ ഗുണനിലവാരം കുറയുമെന്നാണ് തേയില വിദഗ്ദ്ധർ പറയുന്നത്. പഴയ ചെടികൾ പിഴുതു മാറ്റി പുതിയത് വച്ചു പിടിപ്പിക്കാൻ ചെലവ് കൂടുതലാണെന്നതും ഉടമകളെ പിന്തിരിപ്പിക്കുന്നു.

തേയിലത്തോട്ടങ്ങളിലേതിന് ആനുപാതികമാണ് മേഖലയിലെ തേയില ഫാക്‌ടറികളുടെയും സ്ഥിതി. നിരവധി ഫാക‌്‌ടറികൾ പൂട്ടി. ബാക്കിയുള്ളവ പൂട്ടൽ ഭീഷണിയിൽ. മിക്ക ഫാക്‌ടറികൾക്കും പുറത്ത് തൊഴിലാളികളുടെ സമരപ്പന്തൽ കാണാം. തൊഴിലാളികൾ കൂലിപ്പണിയെടുത്തും മറ്റുമാണ് ഉപജീവനംകഴിക്കുന്നത്. വടക്കൻ ബംഗാളിൽ 302 പരമ്പരാഗത തേയിലത്തോട്ടങ്ങളാണ് ഉള്ളത്. ഡാർജിലിംഗ് കുന്നുകളിൽ മാത്രം 87-ഓളം തോട്ടങ്ങളുണ്ട്. ഡാർജിലിംഗ് തേയില വിപണിയിൽ വൻ ലാഭമുണ്ടാക്കിയപ്പോൾ പരമ്പരാഗതമായി പൈനാപ്പിളും നെല്ലും വിളഞ്ഞിരുന്ന കൃഷിയിടങ്ങൾ പോലും തേയിലത്തോട്ടങ്ങളാക്കി മാറ്റി. അവിടങ്ങളിലൊക്കെ ഇപ്പോൾ പ്രതിസന്ധിയാണ്.

ചായയിൽ

ചർച്ച മാത്രം

2014 മുതൽ, തൊഴിലാളികളും തേയിലത്തോട്ട ഉടമകളും സർക്കാരുമായി ഇരുപതോളം തവണ ചർച്ചകൾ നടന്നെങ്കിലും കുറഞ്ഞ വേതന വിഷയത്തിൽ പിരിഹാരമുണ്ടായില്ലെന്ന് ഗൂർഖ ജനമുക്തി മോർച്ചയുടെ തേയിലത്തോട്ട യൂണിയൻ നേതാവ് സൂരജ് സുബ്ബ പറഞ്ഞു. തൊഴിലാളികൾ കേരളം അടക്കം മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ഡാർജിലിംഗ് തേയിലയെ രക്ഷിക്കാൻ നേപ്പാളിൽ നിന്നുള്ള തേയില ഇറക്കുമതി നിർത്തണമെന്ന് ഡാർജിലിംഗ് ടീ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു കിലോ ഡാർജിലിംഗ് തേയിലയുടെ ഉത്പാദനച്ചെലവ് കിലോയ്ക്ക് 790 രൂപയും,​ നേപ്പാളിലേതിന് കിലോയ്ക്ക് 170- 180 രൂപയുമാണ്.

2017- ലെ ഗൂർഖാലാൻഡ് പ്രക്ഷോഭത്തിനിടെ തേയിലത്തോട്ടങ്ങൾ അടച്ചിട്ടതിനു പിന്നാലെയാണ് നേപ്പാളിൽ നിന്ന് ഇറക്കുമതി തുടങ്ങിയത്. 2022-ൽ ഡാർജിലിംഗിലെ ആഭ്യന്തര ഉത്പാദനം 6.60 ദശലക്ഷം കിലോഗ്രാം ആയിരുന്നപ്പോൾ നേപ്പാളിൽ നിന്ന് 17.36 ദശലക്ഷം കിലോഗ്രാം ഇറക്കുമതി ചെയ്തു. 2023-ൽ ആഭ്യന്തര ഉത്പാദനം 6.1 ദശലക്ഷം കിലോ ആയി കുറഞ്ഞു. വലിയ ബ്രാൻഡുകൾ ഈ തേയില വാങ്ങിയാണ് ഡാർജിലിംഗ് തേയില എന്ന പേരിൽ ഇറക്കുന്നതെന്നും തൊഴിലാളി നേതാക്കൾ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ ജിഐ (ജിയോഗ്രാഫിക്കൽ ഇൻഡിക്കേറ്റർ) ഉത്പന്നമാണ് ഡാർജിലിംഗ് തേയില. മുമ്പ് സോവിയറ്റ് യൂണിയനിലേക്കാണ് ഡാർജിലിംഗ് തേയില ഏറ്റവും കൂടുതൽ കയറ്റി അയച്ചിരുന്നത്. സോവിയറ്റ് യൂണിയൻ തകർന്നതോടെ പകരം പുതിയ വിപണി കണ്ടെത്താനുമായില്ല. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്ഷമതയെ ബാധിച്ചു. മഴ കുറഞ്ഞത് തേയിലച്ചെടികളുടെ വളർച്ചയെ തളർത്തിയിട്ടുമുണ്ട്.