s

ന്യൂഡൽഹി:ലോക്‌സഭയിൽ 370 സീറ്റ് ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് നിർണായകമായ വടക്കൻ ബംഗാളിലെ ഡാർജിലിംഗ്, റായ്ഗഞ്ച്, ബാലുർഘട്ട് മണ്ഡലങ്ങൾ ഇന്ന് ബൂത്തിലേക്ക്. മൂന്നും ബി.ജെ.പി സിറ്റിംഗ് സീറ്റുകൾ.

ബാലുർഘട്ടിൽ സിറ്റിംഗ് എം.പിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ സുകാന്ത മജുംദാറാണ് സ്ഥാനാർത്ഥി. തൃണമൂൽ നേതാവും മന്ത്രിയുമായ ബിപ്ലബ് മിത്ര മുഖ്യ എതിരാളി. 1984- 2009 കാലത്ത് ഇടതുമുന്നണി ഘടകകക്ഷിയായ ആർ.എസ്.പിയുടെ ശക്തികേന്ദ്രമായിരുന്ന ബാലുർഘട്ട് 2014ൽ തൃണമൂൽ പിടിച്ചെടുത്തു. 2019ൽ ബി.ജെ.പിയും.

ഡാർജിലിംഗിൽ ചതുഷ്കോണ മത്സരമാണ്. സിറ്റിംഗ് എം.പി രാജു ബിസ്‌തയാണ് ബി.ജെ.പി സ്ഥാനാർത്ഥി. മണ്ഡലത്തിന് പുറത്തുനിന്നുള്ള ബിസ്‌തയെ വീണ്ടും മത്സരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കുർസിയോങ് ബി.ജെ.പി എം.എൽ.എ ബിഷ്ണു പാദ ശർമ സ്വതന്ത്രനായി രംഗത്തുള്ളത് വെല്ലുവിളിയാണ്. പ്രാദേശിക ഹംറോ പാർട്ടിയുടെ പിന്തുണയുള്ള കോൺഗ്രസിന്റെ മുനിഷ് തമാംഗും തൃണമൂലിന്റെ ഗോപാൽ ലാമയുമാണ് മറ്റ് സ്ഥാനാർത്ഥികൾ. 2019ൽ നാലര ലക്ഷമായിരുന്നു ബിസ്‌തയുടെ ഭൂരിപക്ഷം. 'ഇന്ത്യ' ധാരണ പ്രകാരം നക്സൽബാരി പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ ഡാർജിലിംഗിൽ സി.പി.എമ്മിന് ഇതാദ്യമായി സ്ഥാനാർത്ഥിയില്ല. കോൺഗ്രസ് സ്ഥാനാർത്ഥിക്കാണ് സി.പി.എം പിന്തുണ.

റായ്ഗഞ്ചിൽ കാലുമാറ്റക്കാരുടെ ത്രികോണ മത്സരമാണ്. തൃണമൂലിന്റെ കൃഷ്ണ കല്യാണി മുൻ ബി.ജെ.പി എം.എൽ.എ ആണ്. ബി.ജെ.പിയുടെ കാർത്തിക് പോൾ കോൺഗ്രസിൽ നിന്ന് തൃണമൂൽ വഴിയാണ് എത്തിയത്. കോൺഗ്രസിന്റെ അലി ഇമ്രാൻ റാംസ് മുൻപ് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിലായിരുന്നു. ബി.ജെ.പി സിറ്റിംഗ് എം.പി ദേബശ്രീ ചൗധരിയെ മാറ്റിയാണ് കാർത്തിക് പോളിനെ ഇറക്കിയത്.

പരിഹാരമില്ലാതെ ഗൂർഖാലാൻഡ്

ഗൂർഖാലാൻഡ് സംസ്ഥാനമെന്ന നാല് പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് ഡാർജിലിംഗിൽ ഇക്കുറിയും ചർച്ച. പരിഹാരമുണ്ടാക്കുമെന്ന ബി.ജെ.പി വാഗ്‌ദാനം അകലെ. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണ വേളയിൽ പരിഹാരം ഉറപ്പ് നൽകി. ബി.ജെ.പിയെ സ്ഥിരമായി ജയിപ്പിക്കുന്ന ഗൂർഖ ജനതയെ ചതിക്കുകയാണെന്ന് പ്രതിപക്ഷം. ഗൂർഖ നേതാവും ഗൂർഖ ജനമുക്തി മോർച്ച അദ്ധ്യക്ഷനുമായ ബിമൽ ഗുരുങ് ബി.ജെ.പിക്ക് പിന്തുണ നൽകുന്നുണ്ട്.

തേയിലയും ഭീഷണി

ഡാർജിലിംഗിലെ തേയില വ്യവസായത്തിന്റെ പ്രതിസന്ധിയും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും. തേയില ഉത്പാദനം കുറഞ്ഞതും തോട്ടങ്ങൾ പൂട്ടുന്നതും മൂലം തൊഴിലാളികൾ പട്ടിണിയിലാണ്. വിളവ് കുറഞ്ഞതിനാൽ ലോക പ്രശസ്തമായ ഡാർജിലിംഗ് തേയില ഭീഷണി നേരിടുന്നു. സ്ഥിരമായി ലോക്‌സഭയിലേക്ക് ജയിക്കുന്ന ബി.ജെ.പിയും ഭരണകക്ഷിയായ തൃണമൂലും ഒന്നും ചെയ്യുന്നില്ലെന്ന് തൊഴിലാളികൾക്ക് പരാതിയുണ്ട്. നേപ്പാൾ - ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന, ഭൂട്ടാനും ചൈനയ്‌ക്കും അടുത്ത് കിടക്കുന്ന തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴി ഈ മണ്ഡലത്തിലാണ്.

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബലൂർഘട്ട് മണ്ഡലത്തിലെ റെയിൽവേ മെച്ചപ്പെടുത്തുമെന്നാണ് സിറ്റിംഗ് എം.പി മജുംദാറിന്റെ വാഗ്‌ദാനം. റായ്ഗഞ്ചിൽ എയിംസ് ആവശ്യം ബി.ജെ.പിയും കോൺഗ്രസും ഉയർത്തുന്നു.