ന്യൂഡൽഹി: വിവാദ പ്രസംഗങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് വിലയിരുത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, വിശദീകരണം തേടി ബി.ജെ.പിക്കും, കോൺഗ്രസിനും നോട്ടീസയച്ചു. മോദിയുടെ പ്രസംഗത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും, രാഹുലിന്റെ പ്രസംഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും 29ന് രാവിലെ 11നകം രേഖാമൂലം മറുപടി നൽകണം.
വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മോദിക്കെതിരെ കോൺഗ്രസും, രാഹുലിനെതിരെ ബി.ജെ.പിയും പരാതി നൽകിയിരുന്നു. അതേസമയം, രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയെന്നും, സിഖ് സമുദായത്തിന്റെ തീർത്ഥാടന കേന്ദ്രമായ കർത്തർപുർ സാഹിബ് കോറിഡോർ വികസിപ്പിച്ചെന്നുമുള്ള മോദിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കമ്മിഷൻ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
സ്ഥാനാർത്ഥികളുടെ പെരുമാറ്റത്തിൽ രാഷ്ട്രീയ പാർട്ടികൾക്കാണ് പ്രാഥമിക ഉത്തരവാദിത്വം. താര പ്രചാരകരിൽ നിന്ന് ഉന്നത നിലവാരത്തിലുള്ള വാക്കുകളാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികതലത്തിലെ മത്സരച്ചൂടിൽ മോശം പരാമർശങ്ങളുണ്ടാകാം. പ്രസംഗത്തിന്റെ മികവ് ഉറപ്പാക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണ്. ഉന്നത പദവിയിലിരിക്കുന്നവരുടെ പരാമർശങ്ങൾ ഗുരുതര അനന്തരഫലങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം വിശദീകരണം തേടിയത്.
മോദിക്കെതിരായ പരാതി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തി. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞിരുന്നതായി ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാർക്കും, കൂടുതൽ കുട്ടികളുള്ളവർക്കും രാജ്യത്തിന്റെ വിഭവങ്ങൾ വീതിച്ചു കൊടുക്കുമെന്നും പറഞ്ഞു.
രാഹുലിനെതിരായ പരാതി
മലയാളവും തമിഴും ഹിന്ദിയേക്കാൾ താഴെയാണെന്ന് വരുത്തി വിവേചനമുണ്ടാക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതായി കേരളത്തിലെ റാലിയിൽ രാഹുൽ പ്രസംഗിച്ചു. രാജ്യത്തെ തെക്കെന്നും വടക്കെന്നും പറഞ്ഞ് മതപരവും ഭാഷാപരവുമായ വിഭജനമുണ്ടാക്കാൻ ശ്രമിച്ചു.
തുടർ സാദ്ധ്യതകൾ
പാർട്ടി അദ്ധ്യക്ഷന്മാർക്ക് കുറ്റം സമ്മതിച്ച് മാപ്പു പറയാം. അല്ലെങ്കിൽ ആരോപണങ്ങൾ നിഷേധിക്കാം. ആരോപണങ്ങൾ നിഷേധിക്കുകയും, കമ്മിഷന് തെറ്റ് ബോദ്ധ്യപ്പെടുകയും ചെയ്താൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അടുത്ത നടപടി.
1.രേഖാമൂലം താക്കീത്
2.കമ്മിറ്റിയെ നിയോഗിച്ച് തെളിവെടുക്കാം