
ന്യൂഡൽഹി : രണ്ടാംഘട്ട വോട്ടെടുപ്പിന്റെ തലേന്നും കോൺഗ്രസിനെയും 'ഇന്ത്യ' മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് 'ഇന്ത്യ' മുന്നണിയുടെ പദ്ധതിയെന്ന് മദ്ധ്യപ്രദേശിലെ മൊറേനയിലെറാലിയിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രി പദം ലേലത്തിൽ വയ്ക്കാനാണോ പ്രതിപക്ഷ മുന്നണിയുടെ ശ്രമം. എങ്കിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകം പരിഹസിക്കും. കൊള്ളയടി തടയാൻ കോൺഗ്രസിന്റെയും ജനങ്ങളുടെയും ഇടയിൽ മതിലായി താൻ ഉയർന്നു നിൽക്കും. പിന്തുടർച്ചാവകാശ നികുതി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എടുത്തുകളഞ്ഞത് അമ്മ ഇന്ദിരാ ഗാന്ധിയുടെ സമ്പത്ത് സർക്കാരിലേക്ക് പോകാതിരിക്കാനാണ്. ഇപ്പോൾ അതേ നികുതി അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ജനങ്ങളുടെ സമ്പത്തിന്റെ പകുതിയും പിടിച്ചുപറിക്കും. ബി.ജെ.പി ഉള്ളിടത്തോളം അത് വിജയിക്കില്ല. പാർട്ടിക്ക് രാജ്യത്തേക്കാൾ വലുതായി ഒന്നുമില്ല. കോൺഗ്രസിന് കുടുംബാധിപത്യത്തിലാണ് താത്പര്യം. അവർ അധികാരത്തിലെത്തിയാൽ മുസ്ലീം വോട്ടുബാങ്കിന് വേണ്ടി ദലിത്, ഒ.ബി.സി സംവരണം തട്ടിപ്പറിക്കുമെന്നും മോദി ആവർത്തിച്ചു.
ജോലിക്കും വിദ്യാഭ്യാസത്തിനും മതാടിസ്ഥാനത്തിലുള്ള സംവരണമാണ് കോൺഗ്രസ് പ്രകടനപത്രികയിൽ. മുസ്ലീം ലീഗിന്റെ സ്വാധീനം കാരണമാണിത്. ശ്രീരാമനേക്കാൾ വലുതെന്ന ചിന്തയാണ് പ്രതിപക്ഷത്തിനെന്ന് ഉത്തർപ്രദേശിലെ ബറേലിയിലെ റാലിയിൽ മോദി പറഞ്ഞു.
കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ച് ഖാർഗെ
കോൺഗ്രസ് പ്രകടനപത്രിക വിശദീകരിക്കാൻ കൂടിക്കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം ചോദിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ന്യായ് പത്രയിൽ ഇല്ലാത്ത കാര്യങ്ങളാണ് മോദി പറയുന്നത്. പ്രധാനമന്ത്രിക്ക് തെറ്റായ വിവരങ്ങളാണ് ഉപദേശകർ നൽകുന്നതെന്നും ഖാർഗെ പറഞ്ഞു.
തിരഞ്ഞെടുപ്പ് തന്റെ കൈ വിട്ടു പോയെന്ന് മോദിക്ക് ബോദ്ധ്യമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പിന്തുടർച്ചാവകാശ നികുതിയിൽ ഉൾപ്പെടെ മോദി നുണപ്രചാരണം നടത്തുകയാണെന്നും, അസത്യമേവ ജയതേയുടെ പ്രതീകമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.