
ന്യൂഡൽഹി: തെക്കൻ ഗുജറാത്തിലെ ഭറൂച്ച് ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പിയും ആം ആദ്മിയും നേർക്കുനേർ ഏറ്രുമുട്ടുകയാണ്. 1998 മുതൽ മൻസുഖ്ഭായ് വാസവ എന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ഇവിടെ എം.പി. ആറുവട്ടം ലോക്‌സഭാംഗമായ ഇദ്ദേഹത്തെ മലർത്തിയടിക്കാൻ ദേഡിയപാഡ എം.എൽ.എ ചയ്തർ വാസവയെയാണ് ആം ആദ്മി പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.
1977 മുതൽ 1984 വരെ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിജയിച്ച മണ്ഡലമാണിത്. ഇക്കുറി 'ഇന്ത്യ" മുന്നണിയുടെ സീറ്റുധാരണപ്രകാരം ആം ആദ്മിക്ക് വിട്ടുനൽകുകയായിരുന്നു. അഹമ്മദ് പട്ടേലിന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പാർട്ടി നേതൃത്വം ഇടപെട്ട് അയവുണ്ടാക്കി. ഗുജറാത്തിൽ ഭറൂച്ചിന് പുറമെ ഭവ്നഗറിലും ആം ആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്.
മേഖലയിൽ സ്വാധീനമുള്ള യുവ ഗ്രോത നേതാവാണ് ചയ്തർ വാസവ. ഗോത്രജാതിയായ വാസവയിലെ അംഗങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ട്. ഗോത്ര- മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിൽ നിർണായകം.
സർക്കാർ ജീവനക്കാരെ മർദ്ദിച്ചുവെന്ന് ആരോപിച്ച് ചയ്തർ വാസവയെ ജയിലടച്ചിരുന്നു. അറസ്റ്റിൽ ഗോത്രവിഭാഗത്തിന് ഗുജറാത്തിലെ ബി.ജെ.പി സർക്കാരിനോട് പ്രതിഷേധമുണ്ടെന്ന് നേരത്തെ അവിടെ പ്രചാരണത്തിനെത്തിയ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. 2019ൽ 3,34,214 വോട്ടുകൾക്കാണ് മൻസുഖ്ഭായ് വാസവ ഇവിടെ വിജയിച്ചത്. മൂന്നാം ഘട്ടത്തിൽ മേയ് ഏഴിനാണ് വോട്ടെടുപ്പ്.
2019ലെ ഫലം
മൻസുഖ്ഭായ് വാസവ (ബി.ജെ.പി)- 6,37,795 വോട്ടുകൾ (55.47%)
ഷേർഖാൻ അബ്ദുൾസക്കൂർ പത്താൻ (കോൺഗ്രസ്)- 3,03,581 വോട്ടുകൾ (26.40%)
ഛോട്ടുഭായ് വാസവ (ഭാരതീയ ട്രൈബൽ പാർട്ടി)- 1,44,083 വോട്ടുകൾ (12.53%)
ഫോട്ടോ: ചയ്തർ വാസവ, മൻസുഖ്ഭായ് വാസവ