
പശ്‌ചിമ ബംഗാളിൽ മുർഷിദാബാദ് ജില്ലാ ആസ്ഥാനമാണ് ബെഹാരംപൂർ. നഗരത്തിൽ സെൻട്രൽ ജയിലിന് എതിരെയുള്ള ഡി.സി.ഡി ഒാഫീസിൽ ആളനക്കമില്ല. 25 വർഷമായി ബെഹാരംപൂരിലെ എംപിയും പി.സി.സി അദ്ധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി വരുന്നുണ്ട്. ഏഴാം തവണ മത്സരിക്കുന്ന അധീറിന്റെ മുഖ്യ എതിരാളി തൃണമൂൽ സ്ഥാനാർത്ഥിയായ മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് .
കോൺഗ്രസിന്റെ നല്ലകാലത്ത് പണിത മൂന്നുനില കെട്ടിടം. ബംഗാൾ കോൺഗ്രസ് എന്നാൽ അധീർ ആണ്. എല്ലാ മുറികളിലും പല വലിപ്പത്തിൽ ഫോട്ടോകൾ. ക്ളോക്കിലും കലണ്ടറിലും വരെ അധീർ. അദ്ദേഹം 2010ൽ കൽക്കത്തയിലേക്ക് 900 കിലോമീറ്റർ പര്യടനത്തിന് ഉപയോഗിച്ച സൈക്കിൾ ചില്ലുകൂട്ടിൽ.
കേരളത്തിലെ മാദ്ധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയപ്പോൾ ഒരാൾ കസേരയിട്ട് ഇരുത്തി. ചായ പറഞ്ഞു. സമീപ ഗ്രാമത്തിലെ ബ്ളോക്ക് പ്രസിഡന്റാണ് - അനൂപ് മജുംദാർ. ഭരണകക്ഷിയായ തൃണമൂലിന്റെ ക്രൂരതകൾ അദ്ദേഹം വിവരിച്ചു. സെൻട്രൽ ജയിലിലെ 90 ശതമാനം തടവുകാരും കോൺഗ്രസുകാരാണ്. കള്ളക്കേസിൽ അകത്താക്കിയത്. പൊലീസിനെ ഉപയോഗിച്ച് കോൺഗ്രസിനെ ചങ്ങലയ്‌ക്കിടുന്നു. സി.പി.എം ഭരണകാലത്തു പോലും ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു.
വോട്ടെടുപ്പ് ദിവസം ബൂത്തു പിടിത്തവും ഭീഷണിയും പതിവാണ്. 2019ൽ 672 ബൂത്തുകൾ പിടിച്ചിട്ടും അധീർദാ 80,000 വോട്ടിന് ജയിച്ചു.
തൃണമൂൽ-ബി.ജെ.പി രഹസ്യധാരണയുണ്ട്. മുസ്ളീം വോട്ടുകൾ ഭിന്നിപ്പിക്കാൻ അധീറിനെതിരെ തൃണമൂൽ ഗുജറാത്ത് സ്വദേശിയായ യൂസഫ് പഠാനെ കൊണ്ടുവന്നത് ബി.ജെ.പി പറഞ്ഞിട്ടാണ്. മണ്ഡലത്തിൽ 60% മുസ്ളീങ്ങളാണ്.
അതിനിടെ അധീർ എത്തി. മുകളിലെ ഹാളിൽ ബംഗാളി മാദ്ധ്യമങ്ങളുടെ പത്രസമ്മേളനത്തിന് ശേഷം കേരളകൗമുദിക്ക് അഭിമുഖം:
25 വർഷമായി ബെഹാരംപൂർ നിലനിർത്തുന്നതിന്റെ രഹസ്യം:
ജനങ്ങളുടെ വിശ്വാസം. വിശ്വാസ്യത നിലനിർത്തുന്നു.
തൃണമൂലിന്റെ വളർച്ചയെക്കുറിച്ച്:
അത് സംസ്ഥാനത്തെ ആകെ സ്ഥിതിയാണ്. കോൺഗ്രസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
തൃണമൂൽ-ബി.ജെ.പി സഹകരണമുണ്ടോ?
അത് പരസ്യമായ രഹസ്യമാണ്. ഇരുവരും കോൺഗ്രസ് നേതാക്കളെ ചതിച്ചും ഭീഷണിപ്പെടുത്തിയും തടയുന്നു.
ബി.ജെ.പിക്കായി തൃണമൂൽ മുസ്ളീം വോട്ടുകൾ ഭിന്നിപ്പിക്കുന്നുണ്ടോ?
അതാണ് ഇരു പാർട്ടികളുടെയും തന്ത്രം. അതിപ്പോൾ മറ നീക്കി പുറത്തു വന്നു. സി.എ.എയും എൻ.ആർ.സിയുമെല്ലാം അതിന്റെ ഭാഗം. ബംഗാൾ സമുദായ ഐക്യത്തിന് പേരുകേട്ട സംസ്ഥാനമാണ്. അവരുടെ തന്ത്രങ്ങൾ ഫലിക്കില്ല.
'ഇന്ത്യ'മുന്നണിയിലെ സി.പി.എം സഹകരണം:
ശുഭപ്രതീക്ഷയുണ്ട്. നല്ല ഫലമുണ്ടാക്കും.
കേരളത്തിലെ സി.പി.എം-കോൺഗ്രസ് പോര് ബി.ജെ.പി ആയുധമാക്കുന്നു:
കേരളത്തിലേത് വ്യത്യസ്‌ത സാഹചര്യം. അതിനാലാണ് സി.പി.എമ്മുമായി പ്രാദേശിക ധാരണ മതിയെന്ന് ഐ.ഐ.സി.സി തീരുമാനിച്ചത്. ബംഗാളിൽ കോൺഗ്രസും ബി.ജെ.പിയും ഭരണകക്ഷിയുടെ അക്രമത്തിന് ഇരയാകുന്നു. അത് ധാരണ അനിവാര്യമാക്കി.
കോൺഗ്രസ്-സി.പി.എം പ്രവർത്തകർ പരസ്‌പരം വോട്ടു ചെയ്യാത്ത സാഹചര്യമുണ്ടോ:
അത് മനശാസ്‌ത്രപരമാണ്. പണ്ട് സി.പി.എം ഭരിച്ചപ്പോഴത്തെ എതിർപ്പ്. ഇപ്പോൾ അതൊക്കെ മാറി.
ബംഗാളിൽ എത്രസീറ്റു നേടും:
രണ്ട് സീറ്റ് നിലനിർത്തി കൂടുതൽ നേടുകയാണ് ലക്ഷ്യം.