
ന്യൂഡൽഹി: ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ, സ്റ്റീൽ- ഉരുക്ക് വ്യവസായങ്ങൾക്ക് പേരുകേട്ട വാണിജ്യ ഹബ്ബാണ് ഛത്തീസ്ഗഢിലെ റായ്പൂർ. ഛത്തീസ്ഗഢ് വിദ്യാഭ്യാസ മന്ത്രി ബ്രിജ്മോഹൻ അഗ്രവാളിനെയാണ് മണ്ഡലം നിലനിറുത്താൻ ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. 1990 മുതൽ റായ്പൂർ സൗത്ത് എം.എൽ.എയാണ് അദ്ദേഹം. കോൺഗ്രസിന്റെ യുവമുഖം വികാസ് ഉപാദ്ധ്യായയാണ് മുഖ്യ എതിരാളി. ബി.എസ്.പിയിലെ മമ്ത റാണി സാഹുവും മത്സരരംഗത്തുണ്ട്. മേയ് ഏഴിന് മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
കഴിഞ്ഞവർഷം വികാസ് ഉപാദ്ധ്യായ റായ്പൂർ വെസ്റ്റിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 41,229 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് വികാസ് ഉപാദ്ധ്യായയും കൂട്ടാളികളും ഹനുമാൻ ചാലിസ ചൊല്ലുന്ന ദൃശ്യങ്ങൾ അന്ന് വൈറലായിരുന്നു.
1996 മുതൽ ബി.ജെ.പിയുടെ ഉറച്ച മണ്ഡലമാണ് റായ്പൂർ. പാർട്ടി നേതാവും മുൻകേന്ദ്രമന്ത്രിയുമായ രമേഷ് ബയിസ് ഏഴുതവണ ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019ൽ 3,48,238 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയിലെ സുനിൽകുമാർ സോണി വിജയിച്ചത്.
2019ലെ ഫലം
 സുനിൽകുമാർ സോണി (ബി.ജെ.പി)- 8,37,902 വോട്ടുകൾ (60.01%)
 പ്രമോദ് ദുബേ (കോൺഗ്രസ്)- 4,89,664 വോട്ടുകൾ (35.07%)
 ഖിലേഷ് കുമാർ സാഹു (ബി.എസ്.പി)- 10,597 വോട്ടുകൾ (0.76%)