
മുർഷിദാബാദ്: ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും യുവാക്കളുടെ ശക്തിയാൽ പാർട്ടി തിരിച്ചുവരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയും മുർഷിദാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീം. തിരക്കേറിയ ഡൊംകൽ ടൗണിൽ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയുമൊത്തുള്ള റാലിക്കു മുൻപാണ് അദ്ദേഹത്തെ കണ്ടത്.
എന്താണ് തിരഞ്ഞെടുപ്പ് സാഹചര്യം?
വർഷങ്ങളായി വോട്ടു ചെയ്യാൻ കഴിയാത്ത ജനങ്ങളാണ് ഇവിടെയുള്ളത്. അതിന് അവരെ അനുവദിച്ചിരുന്നില്ല. ജനം മാറ്റം ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ തങ്ങൾ മാത്രമാണുള്ളതെന്ന് വരുത്താൻ ബി.ജെ.പിയും തൃണമൂലും ശ്രമിക്കുന്നു. അവർ ഒരുനാണയത്തിന്റെ രണ്ടു വശങ്ങളാണ്. സംസ്ഥാനത്ത് നാലു കക്ഷികളാണ് മത്സരിക്കുന്നത്. നിഷ്‌പക്ഷ വോട്ടുകൾ നിർണായകമാകും. ബി.ജെ.പി കോൺഗ്രസ് മുക്തഭാരതവും മമത കമ്മ്യൂണിസ്റ്റ് മുക്ത ബംഗാളുമാണ് ആഗ്രഹിക്കുന്നത്. സംസ്ഥാനത്ത് തൊഴിലില്ല, വ്യവസായങ്ങളില്ല. യുവാക്കളുടെ ശക്തിയാൽ സി.പി.എമ്മിന്റെ തിരിച്ചുവരവിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്.
2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറിയത്?
അന്ന് പുൽവാമയുടെയും ബാലക്കോട്ടിന്റെയും ഉൗർജ്ജത്തിൽ പാകിസ്ഥാനെതിരെ വോട്ടു ചെയ്യുന്നു എന്ന തരത്തിലായിരുന്നു ജനങ്ങളുടെ സമീപനം. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടുകോടി അനധികൃത കുടിയേറ്റ മുസ്ളിങ്ങളെ കയറ്റി അയയ്‌ക്കുമെന്ന തരത്തിൽ ദേശീയ പൗരത്വ ഭേദഗതി ചർച്ചയാക്കി. തിരഞ്ഞെടുപ്പുകൾക്കുശേഷം ഒന്നും നടന്നില്ല. അതിനാൽ ജനങ്ങൾ ദേഷ്യത്തിലാണ്. സി.എ.എ വിജ്ഞാപനം വന്നശേഷം ബംഗാളിൽനിന്ന് ആരും പൗരത്വത്തിന് അപേക്ഷിച്ചില്ല. പാർലമെന്റിൽ തൃണമൂൽ സി.എ.എയെ എതിർത്തിരുന്നില്ല. ബംഗാളി മുസ്ളിങ്ങളെ ഭീഷണിപ്പെടുത്താനാണ് അതു കൊണ്ടുവന്നത്.
'ഇന്ത്യ' മുന്നണിക്ക് കീഴിൽ തിരഞ്ഞെടുപ്പ് ഫലം എന്താകും?
പ്രവചിക്കാൻ ഞാൻ ആളല്ല. ജനങ്ങളോട് ചോദിക്കുക.
'ഇന്ത്യ' മുന്നണിക്ക് കീഴിൽ മത്സരിക്കുന്നതിന്റെ പ്രാധാന്യം?
അത് ഫാസിസ്റ്റ്-ബി.ജെ.പി വിരുദ്ധ നിലപാടുകളുടെ കൂട്ടായ്‌മയാണ്. സംസ്ഥാന തലങ്ങളിലെ സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്. നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കപ്പെടണം. വൈവിദ്ധ്യമാർന്നതാണ് ഇന്ത്യൻ രാഷ്‌ട്രീയം. കേരളവും മണിപ്പൂരും ഗുജറാത്തും ഒരുപോലെയല്ല. തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമ്പോൾ അത് മുന്നിൽക്കാണണം.
ബി.ജെ.പി കളിയാക്കുന്നുണ്ടല്ലോ?
അവർ വിചാരിച്ചപോലെ സംഭവിക്കാത്തതിലെ അതൃപ്‌തിയാണ്. ദേശീയ തലത്തിൽ സഖ്യമുണ്ടാകുമെന്നും അതുപറഞ്ഞ് എതിർക്കാമെന്നും കരുതിയിരുന്നു. സംസ്ഥാന തലത്തിലാകുമെന്ന് പ്രതീക്ഷിച്ചില്ല.
സി.പി.എം സ്ഥാനാർത്ഥികളിൽ നിരവധി യുവാക്കളുണ്ടല്ലോ?
ഐ.ടി, ബിസിനസ്, ബാങ്കിംഗ് ഏതു മേഖലയായാലും അതല്ലേ അവസ്ഥ. ബംഗാളിൽ പഴയ തലമുറയ്‌ക്കൊപ്പം അവരെയും ചേർത്താണ് സി.പി.എം തിരിച്ചുവരിക.