s

 സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

ന്യൂഡൽഹി : പശ്ചിമബംഗാളിലെ 25000ൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന മമത സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് സ്റ്റേ ചെയ്തു. ഇത് മമതയ്ക്ക് ഭാഗിക ആശ്വാസമായി. കാബിനറ്റിനെ അപ്പാടെ സി.ബി.ഐ അറസ്റ്ര് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന സർക്കാർ ആശങ്ക കണക്കിലെടുത്താണിത്.

ഇന്നലെ പശ്ചിമബംഗാൾ സർക്കാരിന്റെ ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിയമനം നടത്തിയ രീതികളിൽ ഉൾപ്പെടെ സംശയങ്ങൾ പ്രകടിപ്പിച്ചു. ഒ.എം.ആർ ഉത്തരപേപ്പറുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഫലം സംബന്ധിച്ച് സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ നീക്കിയിരിക്കുന്നതും നിരീക്ഷിച്ചു. കേസ് മേയ് ആറിന് വീണ്ടും പരിഗണിക്കും.

സന്ദേശ്ഖലി: മമതയ്ക്ക് വിമർശനം

അതിനിടെ,​ സ്വകാര്യവ്യക്തിയെ സംരക്ഷിക്കാൻ ബംഗാൾ സർക്കാർ എന്തിനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന്, സന്ദേശ്ഖലി അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്രിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സന്ദേശ്ഖലി ലൈംഗിക അതിക്രമമുൾപ്പെടെ സി.ബി.ഐയ്ക്ക് വിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.