s

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും സ്മൃതി ഇറാനിയും ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ലക്നൗവിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ രാജ്നാഥ് സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എന്നിവർക്കൊപ്പമെത്തിയാണ് നാമനിർദ്ദേശപത്രിക നൽകിയത്. പത്രിക സമർപ്പിക്കുന്നതിന് മുൻപ് നേതാക്കൾ റോഡ് ഷോയും നടത്തി. മൂന്നാം തവണയാണ് രാജ്നാഥ് ലക്നൗവിൽ നിന്ന് ജനവിധി തേടുന്നത്.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, യു.പി ആരോഗ്യമന്ത്രി മായൻകശ്വർ ശരൺ സിംഗ്, ഭർത്താവ് സുബിൻ ഇറാനി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അമേഠിയിൽ സ്മൃതി ഇറാനി പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്നതിനുമുമ്പ് നടന്ന റോഡ് ഷോയ്ക്കിടെ ബി.ജെ.പി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. പാർട്ടി പ്രവർത്തകർ നേർക്കുനേർ മുദ്രാവാക്യം വിളി തുടങ്ങിയതോടെ,​ പൊലീസ് ഇവർക്കിടയിൽ നിലയുറപ്പിച്ച് സ്ഥിതി ശാന്തമാക്കി. അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാരെന്നതിൽ സസ്പെൻസ് തുടരുകയാണ്. ലക്നൗവിലും അമേഠിയിലും അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് വോട്ടെടുപ്പ്.