mahua1

പാൽപ്പേഡകൊണ്ടുള്ള സർപൂരിയ പലഹാരത്തിനും കൊത്തുപണി ശില്പങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്‌‌ണനഗർ. ഉപഹാരംവാങ്ങി ചോദ്യം ചോദിച്ചുവെന്ന ആരോപണത്തിൽ പുറത്താക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര ലോക്‌സഭയിലേക്കുള്ള 'റീ എൻട്രി"ക്കായി മത്സരത്തിനിറങ്ങുമ്പോൾ കൃഷ്‌ണനഗർ രാജ്യശ്രദ്ധ ആകർഷിക്കുന്നു.

ടൗണിൽ നിന്ന് ദേശീയ പാത 12ലൂടെ നൂറുകിലോമീറ്ററോളം അകലെ ഷിയോർത്തലയിലെ മുസ്ളിം ഭൂരിപക്ഷ ഗ്രാമങ്ങളിലായിരുന്നു മഹുവയുടെ റോഷ് ഷോ. ഞായറാഴ്‌ചത്തെ വിശ്രമത്തിന് ശേഷം മഹുവ പ്രചാരണം പുനഃരാരംഭിക്കുകയാണ്. 44 ഡിഗ്രിക്ക് മുകളിൽ ചൂട്. കമാരി എന്ന സ്ഥലത്തെ കവലയിൽ ഏറെ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. കൈയിൽ മാലയുമായി സ്‌ത്രീകൾ മഹുവയെ സ്വീകരിക്കാൻ തയ്യാർ. വൈകാതെ വാദ്യമേളങ്ങളോടെ, ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ സ്ഥാനാർത്ഥി തുറന്ന ജീപ്പിൽ വോട്ടർമാരെ അഭിവാദ്യം ചെയ്‌തുകൊണ്ട് കടന്നെത്തി.

സ്റ്റേജുണ്ടായിരുന്നെങ്കിലും വാഹനത്തിൽ നിന്നിറങ്ങാതെ സ്‌ത്രീകളിൽ നിന്ന് പൂമാല സ്വീകരിച്ചു. അവിടെ നിന്നുകൊണ്ട് നിങ്ങളുടെ സ്വന്തം മഹുവയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന അഭ്യർത്ഥനയോടെ ചെറിയ പ്രസംഗം. പ്രധാന റോഡ് വിട്ട് മുസ്ളിങ്ങൾ മാത്രം താമസിക്കുന്ന ഗ്രാമങ്ങളിലേക്കാണ് അടുത്ത യാത്ര. ഇടുങ്ങിയ വഴികൾക്കിരുവശവും സ്‌ത്രീകൾ മഹുവയെ കാണാൻ തിക്കിത്തിരക്കി. അവരെ അഭിവാദ്യം ചെയ്‌ത് മുന്നോട്ട്. ഏതാണ്ട് ഒരു മണിക്കൂറോളം പല ഊടുവഴികളിലൂടെ ഗ്രാമം ചുറ്റി. പ്രധാന റോഡിൽ തിരിച്ചെത്തിയ ശേഷം തുറന്ന ജീപ്പിൽ നിന്ന് നേരെ കാറിലേക്ക്. അതിനിടെ മഹുവ കേരളകൗമുദിയോട് സംസാരിച്ചു:

?ബി.ജെ.പിയെ തുറന്നുകാട്ടലാണോ പ്രചാരണത്തിൽ

അതാണ് ഓരോ ദിവസവും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ബോണ്ടിലൂടെയും മറ്റും അവരുടെ യഥാർത്ഥ മുഖം പുറത്തായി. പണം വാങ്ങിയാണ് കരാറുകൾ നൽകുന്നതെന്ന് തെളിഞ്ഞു. പണം കൊടുത്തില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ വിടുമെന്ന് ഭീഷണി. അഴിമതിക്കാരെന്ന് ആരോപിക്കുന്ന നേതാക്കൾ ബി.ജെ.പിയിൽ ചേരുമ്പോൾ നല്ല പുള്ളികളായി മാറുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും ബി.ജെ.പിയുടെ വോട്ടർമാർ മനംമടുത്ത് മാറി നിന്നു.

?​ബി.ജെ.പിക്കുള്ള പ്രതികാരമാകുമോ

ജൂണിൽ ഡൽഹിയിൽ ഞാനുണ്ടാകും. വെറും വരവാകില്ല. കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ. അതായിരിക്കും എന്റെ പ്രതികാരം.

?​കേന്ദ്ര ഏജൻസികൾ പിന്നാലെയുണ്ടല്ലോ

ഏജൻസികൾ അവർക്ക് കഴിയുന്നത് പോലെ നീങ്ങട്ടെ. അവർ മോദിയുടെ കൈകളാണല്ലോ. ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനും ഞങ്ങളുടെ നേതാക്കൾക്കുമെതിരെ മാത്രമാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷൻ പോലും മൗനം പാലിക്കുന്നു. മോദി നിശ്ചയിക്കുന്നത് പോലെയാണ് കാര്യങ്ങൾ. പെരുമാറ്റച്ചട്ടം ലംഘിച്ച് മതസ്‌പർദ്ധയുണ്ടാക്കുന്ന പ്രസ്‌താവന നടത്താൻ തടസമില്ല. അതിനാൽ ഏജൻസികളെ ഞങ്ങൾ ഭയക്കുന്നില്ല.

അവസാനം മഹുവയുടെ ഒരു ചോദ്യം ഇങ്ങോട്ട്. തിരുവനന്തപുരത്ത് നല്ല മത്സരമാണല്ലേ. ശശി ജയിക്കില്ലേ?​

2019ൽ ഫുട്ബോൾ ഫെഡറേഷൻ അദ്ധ്യക്ഷനായ ബി.ജെ.പിയുടെ കല്യാൺ ചൗബയെ 63,000 വോട്ടുകൾക്കാണ് മഹുവ തോൽപ്പിച്ചത്. ഇക്കുറി രാജകുടുംബാംഗമായ രാജാമാതാ അമൃതാ റോയിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. സി.പി.എമ്മിന്റെ എസ്.എം.സാദിയും ഐ.എസ്.എഫിന്റെ അഫ്രോജയും മറ്റ് സ്ഥാനാർത്ഥികൾ. മേയ് 5ന് മൂന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്.