
ഇ.ഡിയോട് സുപ്രീംകോടതി
ന്യൂഡൽഹി : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത് എന്തിനെന്ന് ഇ.ഡിയോട് സുപ്രീംകോടതിയുടെ നിശിതമായ ചോദ്യം. പൗരന്റെ സ്വാതന്ത്ര്യം പ്രധാനമാണെന്നും, നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുൾപ്പെടെ ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റെ അഞ്ച് ചോദ്യങ്ങൾക്ക് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വെള്ളിയാഴ്ച മറുപടി നൽകണം. അറസ്റ്റും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിലാണിത്.
ചോദ്യങ്ങൾ
1.തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തിന് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തു ?
2. കേജ്‌രിവാളിനെതിരെയുള്ള ആരോപണവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടൽ നടപടികൾ ഇല്ല. എങ്കിൽ, കേജ്‌രിവാളിന് ആ വസ്തുക്കളുമായി എന്താണ് ബന്ധം ?
3.മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ തെളിവുകൾ കണ്ടെടുത്തു. കേജ്‌രിവാളിന്റെ കാര്യത്തിൽ എന്താണുള്ളത് ?
4. കേസിന്റെ ആരംഭവും അറസ്റ്രും തമ്മിൽ 365 ദിവസത്തിലധികം ഇടവേള എന്തുകൊണ്ട്
5. ജാമ്യാപേക്ഷ നൽകാതെ, അറസ്റ്റിനെ ചോദ്യം ചെയ്ത കേജ്‌രിവാളിന്റെ നീക്കത്തോടുള്ള നിലപാടെന്ത് ?
സിസോദിയക്ക് ആശ്വാസമില്ല
മദ്യനയത്തിൽ ഇ.ഡി, സി.ബി.ഐ കേസുകളിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല. കേന്ദ്ര ഏജൻസികളുടെ എതിർപ്പിൽ ജാമ്യാപേക്ഷ റൗസ് അവന്യു കോടതി തള്ളി. 14 മാസമായി സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി മാർച്ച് ഒൻപതിനും അറസ്റ്റ് രേഖപ്പെടുത്തി.
പ്രചാരണ ഗാനം തിരുത്തില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ വീഡിയോ ഗാനത്തിൽ മാറ്രം വരുത്തില്ലെന്ന് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറാണ് വരികളിലും ദൃശ്യങ്ങളിലും ഭേദഗതി നിർദ്ദേശിച്ചത്. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 'ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ"(ജയിൽ കാ ജവാബ് വോട്ട് സേ) പ്രചാരണം ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വീഡിയോ ഗാനം.