navy

ന്യൂഡൽഹി: മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ സ്ഥാനമൊഴിഞ്ഞതോടെ അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ഇന്നലെ രാജ്യത്തിന്റെ 26-ാംനാവികസേനാ മേധാവിയായി ചുമതലയേറ്റു. നാവികസേന ഉപമേധാവിയായിരുന്നു ദിനേശ് കെ. ത്രിപാഠി. ഏതു സാഹചര്യവും നേരിടാൻ നാവികസേനയെ സുസജ്ജമാക്കി നിലനിറുത്താനും സേനയിൽ പ്രൊഫഷണൽ അന്തരീക്ഷം കൊണ്ടുവരുന്നതിനുമാണ് പ്രഥമപരിഗണനയെന്ന് സ്ഥാനമേറ്റ ശേഷം ദിനേശ് കുമാർ ത്രിപാഠി വ്യക്തമാക്കി. നിർദ്ദേശം നൽകിയാലുടൻ കടലിൽ യുദ്ധവിജയം നേടുന്നതിനാണ് പ്രാമുഖ്യം. സേനാംഗങ്ങൾക്ക് ഉന്നതവൈദഗ്ദ്ധ്യം ലഭ്യമാകുന്ന തരത്തിൽ പരിശീലനം നൽകും. മികച്ച ആയുധങ്ങൾ ഉറപ്പാക്കും. വികസിത ഭാരതമെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് നാവികസേനയെ പ്രധാന തൂണായി മാറ്റുമെന്നും കുട്ടിച്ചേർത്തു. സേനയുടെ നവീകരണത്തിന് മികച്ച സംഭാവന നൽകിയാണ് മലയാളിയായ ആർ. ഹരികുമാർ പദവിയൊഴിഞ്ഞത്. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി സൗത്ത് ബ്ലോക്കിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു വിടവാങ്ങൽ.

ത്രിപാഠി യുദ്ധ വിദഗ്ദ്ധൻ

 ഇലക്ട്രോണിക്, കമ്മ്യൂണിക്കേഷൻ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിൽ അതീവപ്രാവിണ്യമുള്ള യുദ്ധ വിദഗ്ദ്ധനാണ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി .  മുൻനിര യുദ്ധക്കപ്പലുകളിൽ സിഗ്നൽ കമ്മ്യൂണിക്കേഷൻ ഓഫീസർ, ഇലക്ട്രോണിക് വാർഫെയർ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു

 1985 ജൂലായിൽ സൈനിക സേവനം ആരംഭിച്ചു

 സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ഉൾപ്പെടെ നിരന്തരമായ ആക്രമണങ്ങൾ സമുദ്രമേഖലകളിൽ നടക്കുന്ന നിർണായക സമയത്താണ് സുപ്രധാനപദവിയിലേക്ക് ത്രിപാഠി എത്തുന്നത്

ചൈനയുടെയും പാകിസ്ഥാന്റെയും നീക്കങ്ങളും വെല്ലുവിളിയാണ്

 കേരളത്തിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിൽ കമാൻഡന്റ് ആയും പ്രവർത്തിച്ചു

ഫോട്ടോ ക്യാപ്ഷൻ : അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി (ഇടത്), അഡ്മിറൽ ആർ. ഹരികുമാർ (വലത്) ഗാർഡ് ഒഫ് ഓണർ ചടങ്ങിനിടെ