vaccine

ന്യൂഡൽഹി: യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്)​ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയെ ഉൾപ്പെടെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്‌സിൻ കാരണമാകാമെന്ന് മരുന്നുനിർമ്മാണ കമ്പനി യു.കെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും​ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അറിയിച്ചു. കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.

ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചത്. പല പേരുകളിൽ ആഗോളതലത്തിൽ ഈ വാക്‌സിൻ ഉപയോഗിച്ചു. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്കായിരുന്നു രാജ്യത്ത് ആസ്ട്രാസെനേകയുടെ കൊവിഡ് വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈസൻസ്. ഇന്ത്യയിൽ 175 കോടി ഡോസ് കൊവിഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിന് ഉപയോഗിച്ചത്. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ആരോപിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടും 51 പേരടങ്ങുന്ന സംഘം യു.കെ. ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ലോകത്തെയാകെ ആശങ്കയിലാഴ്‌ത്തി ആസ്ട്രാസെനേക കമ്പനി വെളിപ്പെടുത്തൽ നടത്തിയത്.

കേന്ദ്രം ആശങ്ക പരിഗണിക്കണം

കൊവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആശങ്കകൾ കേന്ദ്രസർക്കാർ പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്. ഇന്ത്യയിലും ഇത്തരത്തിൽ ഗുരുതര പാർശ്വഫലങ്ങൾ കാരണം മരണങ്ങൾ നടന്നിട്ടുണ്ടോയെന്ന ഭീതി ഉയർന്നിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ഈ വാക്സിൻ വിലക്കിയിരുന്നതാണെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.