pipe
 3 വർഷത്തെ പൈപ്പ് അറ്റകുറ്റപ്പണി

കൊച്ചി: മൂന്ന് വർഷക്കാലയളവി​ൽ ചെലവഴിച്ചത് 460.76 കോടി രൂപ. വമ്പൻ വികസന പദ്ധതിക്കുള്ള മുതൽമുടക്കല്ലിത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയ തുകയുടെ കണക്കാണിത് ! കാലപ്പഴക്കംചെന്ന ശുദ്ധജലവിതരണ പൈപ്പുകൾ അടിക്കടി പൊട്ടിയതാണ് ഖജനാവിൽ നിന്ന് ഇത്രയും തുക ഒഴുകിപ്പോകാൻ കാരണം.

കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുമ്പോൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പിലാകാറില്ല.

സമയ ബന്ധി​തമായി​ പൈപ്പ് മാറ്റലി​ല്ല

.....................................................................

അറ്റകുറ്റപ്പണി​ ചെലവ്

(രൂപയി​ൽ)

2021-22 ............ 135.59 കോടി

2022-23 ............ 197.76 കോടി

2023-24 ............ 127.41 കോടി(ഇതുവരെ)

കഴിഞ്ഞവർഷമാണ് ഏറ്റവും കൂടുതൽ പണം അറ്റകുറ്റപ്പണിക്കായി ചെലവാക്കിയത്.

പൈപ്പ് പൊട്ടൽ- കാരണങ്ങൾ

അമിത ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ക്ഷതം

കുടിവെള്ളമെത്തിക്കാൻ പൈപ്പുകളി​ൽ സമ്മ‌ർദ്ദം കൂട്ടുമ്പോൾ

റോഡ് പണിക്കിടയിലും മറ്റ് ഏജൻസികളുടെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലും

............................................

ഇല്ല, രേഖയില്ല !

അടിയന്തിര പ്രാധാന്യത്തോടെയാണ് പൈപ്പ് പൊട്ടലുകൾ പരിഹരിക്കുന്നത്. കാലഹരണപ്പെട്ട പൈപ്പുകൾ സമയബന്ധിതമായി മാറ്റി സ്ഥാപിക്കുന്നതിലൂടെ മാത്രമെ ഈ സ്ഥിതിക്ക് പരിഹാരം കാണാനാകയുള്ളൂ എന്നിരിക്കെ, പഴക്കം ചെന്ന പൈപ്പുകളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും അധികൃതരുടെ പക്കലില്ല. പൈപ്പുകളുടെ ഉപയോഗ കാലാവധിയും നിലവിൽ നിശ്ചയിച്ചിട്ടുമില്ല.

പൊതുടാപ്പുകൾ മായുന്നു

കൊച്ചി: സംസ്ഥാനത്ത് പൊതുകുടിവെള്ള ടാപ്പുകൾ വിസ്മൃതിയിലേക്ക്. എട്ടുവർഷത്തിനിടെ വാട്ടർ അതോറിട്ടി നീക്കിയത് 12,039 പൊതുടാപ്പുകൾ. ജലവിഭവ വകുപ്പിന്റെ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകൾ എത്തിയതോടെയാണ് ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസായ പൊതുടാപ്പുകൾ നീക്കിത്തുടങ്ങിയത്. പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നത്. നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ നിർദ്ദേശ പ്രകാരമാണ് പൊതുടാപ്പുകൾ നീക്കുന്നത്. എട്ട് വർഷത്തിനിടെ പഞ്ചായത്ത് പരിധിയിൽ നിന്ന് 9236 പൊതുടാപ്പുകളും മുൻസിപ്പാലിറ്റിയിൽ 2337 എണ്ണവും കോർപ്പറേഷനിൽ 466 പൊതുടാപ്പുകളുമാണ് നീക്കിയത്. അതേസമയം, സംസ്ഥാനത്ത് 11.65 കുടുംബങ്ങളിൽ ഇപ്പോഴും കുടിവെള്ള കണക്ഷൻ ലഭിച്ചിട്ടില്ല.