കൊച്ചി: മുളന്തുരുത്തി ഇഞ്ചിമലയിൽ നാല് വർഷം മുമ്പ് പണിത ചെറിയ വീട്ടിൽ നെഞ്ച് തകർന്ന് കഴിയുകയാണ് ആത്താനിക്കൽ കെ.എ. പ്രസാദും ഭാര്യ എ.ആർ. ഷീജയും മകനും. മൂന്ന് ലക്ഷം ബാങ്ക് വായ്പയെടുത്ത് നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ച 800 ചതുരശ്ര അടി വീട് ഏത് നിമിഷവും ഇടിഞ്ഞുവീഴാം. സ്വന്തം കൂരയെന്ന സ്വപ്നം സഫലമായെങ്കിലും അതിന്റെ സമാധാനം രണ്ട് വർഷം തികച്ചനുഭവിച്ചില്ല ഈ കുടുംബം. അപ്പോഴേക്കും ഇഞ്ചിമലയുടെ ഒരു ഭാഗം റിയൽ എസ്റ്റേറ്റുകാർ വാങ്ങി മണ്ണുമാന്തി വിറ്റുതുടങ്ങി. ഇപ്പോൾ പ്രസാദിന്റെ വീടിന്റെ തൊട്ടരികിൽ വരെ ഇരുവശത്തും ഇരുപതടിയോളം താഴ്ചയിൽ മണ്ണെടുത്തു കഴിഞ്ഞു. ജെ.സി.ബിയുടെ ഇരമ്പൽ പോലെ ഷീജയുടെയും പ്രസാദിന്റെയും ചങ്കിടിക്കുകയാണ് രാവും പകലും.
നിയമം കാറ്റിൽപ്പറത്തിയുള്ള മണ്ണെടുപ്പിനെതിരെ ഇനി പരാതികൾ നൽകാൻ ഒരിടവും ബാക്കിയില്ല. മുളന്തുരുത്തി പഞ്ചായത്തും ജിയോളജി വകുപ്പും മുതൽ സംസ്ഥാന സർക്കാരിന് വരെ പരാതികൾ നൽകി. ഗതികെട്ട് കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് ഇൻജംഗ്ഷൻ ഓർഡർ നിലനിൽക്കുമ്പോഴും മണ്ണെടുപ്പിന് ഒരു അറുതിയുമില്ല. മലയുടെ ഒരു ഭാഗം ഇടിച്ചു നിരപ്പാക്കി ഭൂമി പ്ളോട്ടു തിരിച്ചു വില്ക്കാനുള്ള ശ്രമങ്ങളിലാണ് റിയൽ എസ്റ്റേറ്റുകാർ.
എറണാകുളം കലൂർ ചമ്മിണി റോഡിൽ സലിം പി. രാജൻ, കുന്നത്തുനാട് രായമംഗലം വളയൻചിറങ്ങര പരത്തുവയലിൽ ജിജോ ജോർജ് ജേക്കബ്, എറണാകുളം കുമ്പളം മുറിപ്പറമ്പ് രോഹിണിയിൽ എം.ടി. സാജു എന്നിവരെ എതിർകക്ഷികളാക്കിയാണ് കോടതിയിൽ ഷിജിയുടെ കേസ്. ജനുവരി പത്തിന് പുറപ്പെടുവിച്ച താത്കാലിക ഇൻജംഗ്ഷൻ നിലനിൽക്കുമ്പോഴും തന്റെ വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുപ്പ് തുടരുകയാണെന്ന് ഷിജി പറഞ്ഞു.
അടുക്കള വശത്തെ ഭൂമിയുടെ ഒരു വശം ഇടിഞ്ഞു നിൽക്കുകയാണെന്നും അപകടസാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു. മണ്ണെടുക്കുന്ന വശത്ത് ഷിജിയുടെ വീട് മാത്രമേയുള്ളൂ. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷീജ. ഭർത്താവ് പ്രസാദ് മെഡിക്കൽ ഷോപ്പിലെ സെയിൽസ്‌മാനാണ്. മകൻ കംപ്യൂട്ടർ വിദ്യാർത്ഥിയും.
ഷിജിയുടെ വീട് അപകടാവസ്ഥയിലാണ്. മണ്ണ് വില്ക്കാനുള്ള അനുമതി മണ്ണെടുക്കുന്നവർക്ക് പഞ്ചായത്ത് നൽകിയിട്ടില്ല. പ്രശ്നപരിഹാരത്തിന് പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന് സംരക്ഷണ ഭിത്തി എത്രയും വേഗം നിർമ്മിക്കണം.
ലതിക അനിൽ, പഞ്ചായത്തംഗം
മുളന്തുരുത്തി പഞ്ചായത്ത്
ഒരു വർഷത്തിലേറെയായി മന:സമാധാനം നഷ്ടപ്പെട്ടിട്ട്. റിയൽ എസ്റ്റേറ്റുകാരുടെ സ്വാധീനം വലുതാണ്. കോടതി ഉത്തരവു പോലും അവർ ഗൗനിക്കുന്നില്ല. വീട് ഇടിഞ്ഞുപോകുമോ എന്ന ഭയത്താൽ ഉറങ്ങാൻ പോലും കഴിയുന്നില്ല.
എ.ആർ.ഷിജി