election

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വിജയികളെ നിശ്ചയിക്കുക സമുദായ വോട്ടുകളാകും. കരുത്തരെ പരീക്ഷിച്ചപ്പോൾ പോലും ഇടതുമുന്നണിക്ക് ഇവിടെ കാലിടറി. ചുരുക്കം തവണ മാത്രം ഇടതു മുന്നണി ജയിച്ച മണ്ഡലം. അപ്പോഴും താരമായത് സമുദായ വോട്ടുകൾ തന്നെ.

എം.എൽ.എയായിരുന്നപ്പോഴും എം.പിയായി തുടരുമ്പോഴുമുള്ള വികസന നേട്ടങ്ങൾ നിരത്തിയാണ് സിറ്റിംഗ് എം.പിയായ കോൺഗ്രസിന്റെ യുവമുഖം ഹൈബി ഈഡൻ കളം നിറയുന്നത്. ഇടതിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിയാണ് വോട്ടുതേടുന്നത്. 'മോദിയുടെ ഗ്യാരന്റി" പറഞ്ഞാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വരവ്. പോരാട്ടം കനക്കുമ്പോൾ സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കുന്നു.

 പൊതുസമൂഹം സർക്കാരിനെ വിലയിരുത്തും

- ഹൈബി ഈഡൻ (യു.ഡി.എഫ് സ്ഥാനാർത്ഥി)

സമസ്തമേഖലയിലും നാടിനെ പിന്നോട്ടടിച്ച ഭരണമാണ് കേരളത്തിലേത്. പൊതുസമൂഹം സർക്കാരിനെ വിലയിരുത്തും. സാധാരണക്കാരന്റെ സ്വൈരജീവിതത്തെ ഹനിച്ച സർക്കാരാണിത്. ക്ഷേമ പെൻഷൻ മുതൽ, വന്യ ജീവി ആക്രമണവും കുടിവെള്ള ക്ഷാമവും വരെ ചർച്ചയാകും. മതനിരപേക്ഷതയെ തച്ചുതകർക്കുന്ന കേന്ദ്ര ഭരണവും വിലയിരുത്തും. മണ്ഡലത്തിലെവികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിജയമുറപ്പ്. കാലങ്ങളായി മുടങ്ങിക്കിടന്ന റെയിൽവേ സ്റ്റേഷനുകളുടെ വികസനം 670 കോടിയിലേറെ മുടക്കി യാഥാർത്ഥ്യമാകുന്നു. തോപ്പുംപടി ഫിഷിംഗ് ഹാർബർ വികസനവും യാഥാർത്ഥ്യമാകും. സാധാരണക്കാരന് ആവശ്യമായ എല്ലാ വികസന പ്രവർത്തനങ്ങൾക്കും എം.പിയെന്ന നിലയിൽ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അങ്കമാലി - കുണ്ടന്നൂർ സമാന്തര ബൈപ്പാസും കൊച്ചി - തേനി ബൈപ്പാസുമെല്ലാം യാഥാർത്ഥ്യത്തിലേക്കാണ്. യുവതികൾക്കായി നടത്തിയ കപ്പ് ഒഫ് ലൈഫ് പദ്ധതി ഗിന്നസ് വേൾഡ് റെക്കാഡിൽ ഇടം നേടിയത് അഭിമാനമായിരുന്നു. മുന്നണിക്കും പാർട്ടിക്കും തലയുയർത്തി അഭിമാനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാം.

 മതേതരത്വം

സംരക്ഷിക്കാൻ വോട്ട്

- കെ.ജെ. ഷൈൻ (എൽ.ഡി.എഫ് സ്ഥാനാർത്ഥി)

മതേതരത്വവും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കലാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയെന്ന നിലയിൽ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. നിർഭയമായി, മനുഷ്യാവകാശങ്ങൾ സംരക്ഷിച്ച് ജനങ്ങൾക്ക് തുല്യതയോടെ ജീവിക്കാൻ പറ്റുന്ന സാഹചര്യം വേണമെങ്കിൽ മതേതര ചേരിക്ക് വോട്ടു ചെയ്യണം. ജയിച്ചാൽ ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കേണ്ട സാമ്പത്തികവും സാമൂഹികവുമായുള്ള അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും. എൽ.ഡി.എഫിന്റെ 20 സീറ്റിൽ മൂന്നിടത്ത് സ്ത്രീകളെ പരിഗണിച്ചത് ആത്മാഭിമാനം നൽകുന്ന കാര്യമാണ്. സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും അതിൽ സന്തോഷവതിയാണ്. വ്യത്യസ്ത സാമ്പത്തിക, സാമൂഹിക, സാമുദായിക മാനങ്ങളുള്ള മണ്ഡലമാണ്. തീരദേശത്തെ തൊഴിൽ, പരമ്പരാഗത വ്യവസായ മേഖല, പുത്തൻ ഹൈടെക് സംരംഭങ്ങൾ, ടൂറിസം വികസനം എന്നിവ ചർച്ചയാകും. സംസ്ഥാന സർക്കാർ ഏഴ് വർഷത്തിലേറെയായി നടപ്പാക്കിയ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളുടെയും വിലയിരുത്തലാകുമ്പോൾ എറണാകുളം ഇടത്തേക്ക് ചായുമെന്നുറപ്പ്.

 മോദിക്കൊപ്പം ജനം നിൽക്കും

- ഡോ. കെ.എസ്. രാധാകൃഷ്ണൻ (എൻ.ഡി.എ സ്ഥാനാർത്ഥി)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അതിവേഗം വളരുന്ന കൊച്ചിയിലും എത്തിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി കൊച്ചിയുടെ സമഗ്ര വികസനത്തിനായി 3000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൊച്ചി മെട്രോ, ഷിപ്പിയാർഡ്, വ്യവസായശാലകൾ, റോഡുകൾ, ജലഗതാഗതം തുടങ്ങി കൊച്ചിയുടെ സമസ്ത മേഖലയിലും വികസനം എത്തിക്കുന്നതിന് കേന്ദ്ര പദ്ധതികളും ഫണ്ടും അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമല്ലാതെ ഒന്നും നടന്നിട്ടില്ല. അതിന് ബാലറ്റിലൂടെ മറുപടി പറയാനുള്ള അവസരമാണ്. സംസ്ഥാനം നടപ്പാക്കി എന്നു പറയുന്ന പദ്ധതികളിൽ ഏറെയും കേന്ദ്രത്തിന്റെ സഹായത്തോടെയുള്ളതാണ്. ദേശീയതലത്തിൽ ഇടതുപക്ഷ പാർട്ടികൾക്ക് പ്രസക്തിയില്ല. കോൺഗ്രസ് എല്ലാത്തരത്തിലും ദുർബലമാണ്. ജനത്തിന് ധൈര്യമായി ആശ്രയിക്കാവുന്ന രാഷ്ട്രീയ പ്രസ്ഥാനമായി എൻ.ഡി.എ മാറി. ഈ പശ്ചാത്തലത്തിൽ എറണാകുളത്ത് വിജയിക്കുമെന്നുറപ്പ്.