padam

കൊച്ചി: പ്രിയപ്പെട്ട വളർത്തുനായയെ ചെരുപ്പെറിഞ്ഞത് ചോദ്യം ചെയ്തതിന് അന്യസംസ്ഥാനക്കാരുടെ മൃഗീയമർദ്ദനത്തിന് ഇരയായ ഹൈക്കോടതി ജീവനക്കാരൻ മരിച്ചു. എറണാകുളം മുല്ലശേരി കനാൽ റോഡിൽ തോട്ടുങ്കിൽപറമ്പിൽ വീട്ടിൽ പി.ബി. വിനോദാണ് (53) മരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്രിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു.

ദേഹത്താകെയും കഴുത്തിലെ ഞരമ്പുകൾക്കും സാരമായി ക്ഷതമേറ്റ് കഴിഞ്ഞ 25 മുതൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവി​ലെ 11നായിരുന്നു അന്ത്യം. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കൊലക്കുറ്റം ചുമത്തി. തപാൽവകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റുമാരായെത്തിയ ഉത്തർപ്രദേശ് സ്വദേശികളായ അശ്വനി ഗോൾക്കർ (27), കുശാൽ ഗുപ്ത (27), രാജസ്ഥാൻകാരൻ ഉത്കർഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവരാണ് പ്രതികൾ.

സിന്ധുവാണ് വിനോദിന്റെ ഭാര്യ. മക്കൾ: ദേവേശ്വർ, ദിയ (അമൃത നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥി). കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തി​നു ശേഷം മൃതദേഹം മോ‌ർച്ചറിയിലേക്കു മാറ്റി. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി​ വളപ്പി​ൽ പൊതുദർശനത്തി​നു ശേഷം വൈകി​ട്ട് അഞ്ചി​ന് രവി​പുരം ശ്മശാനത്തി​ൽ സംസ്കരിക്കും.

 ചിതയ്ക്ക് തീകൊളുത്തും മുമ്പ് പരീക്ഷ

അച്ഛന്റെ വേർപാടിൽ വിങ്ങുന്ന മനസോടെ മകൻ ദേവേശ്വർ ഇന്ന് പരീക്ഷയെഴുതും. കോതമംഗലം എം.എ കോളേജിലെ ബി.കോം അവസാനവർഷത്തെ അവസാനപരീക്ഷ കഴിഞ്ഞെത്തിയാലുടൻ ദേവേശ്വറിന് അച്ഛന്റെ ചിതയ്ക്ക് തീകൊളുത്താനാണ് വിധിനിയോഗം. പരീക്ഷ കണക്കിലെടുത്താണ് വിനോദിന്റെ സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ടത്തേക്ക് മാറ്റിയത്.

വളർത്തുനായ വിനോദിന് മോനെപ്പോലെ

കൊച്ചി: ഫുട്ബാൾ താരമായിരുന്ന വിനോദ് മൃഗസ്നേഹിയുമായിരുന്നു. ''എന്റെ മോനേ"" എന്നാണ് ജാക്ക് എന്ന വളർത്തുനായയെ വിനോദ് വിളിക്കുമായിരുന്നത്. നാലംഗസംഘത്തിന്റെ മർദ്ദനമേറ്റ് വിനോദ് ആശുപത്രിയിലായതുമുതൽ ജാക്ക് ഒരുമൂലയിൽ തളർന്നിരിപ്പാണ്. യജമാനന് എന്തോ ആപത്തുപറ്റിയെന്ന് ഈ മിണ്ടാപ്രാണിക്ക് മനസിലായതുപോലെ. സംഭവം നടക്കുമ്പോൾ ജാക്കിനെ കെട്ടിയിട്ടിരിക്കെയായിരുന്നു.

കുഞ്ഞായിരിക്കെയാണ് ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ജാക്കിനെ സ്വന്തമാക്കുന്നത്. അവന് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും വിനോദായിരുന്നു. മാർച്ച് 13ന് ജാക്കിന്റെ മൂന്നാംപിറന്നാൾ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ക്ഷണിച്ച് വിനോദ് ആഘോഷിച്ചിരുന്നു. ചിത്രങ്ങളെല്ലാം ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. നിറുത്താതെ കുരച്ചുവെന്ന് പറഞ്ഞാണ് ജാക്കിനുനേരെ ഉത്തരേന്ത്യക്കാരായ പ്രതികൾ ചെരുപ്പെറിഞ്ഞത്.