 
കൊച്ചി: പ്രിയതാരം മോഹൻലാലിനെ കാണാനും മലയാള സിനിമയിൽ അഭിനയിക്കാനുമുള്ള ആഗ്രഹത്തോടെ കേരളത്തിലേക്ക് വണ്ടി കയറിയതാണ് ചന്ദു നായിക്. ഫോർട്ട്കൊച്ചി സ്റ്റാച്യൂ ജംഗ്ഷനിലെ ഹോട്ടലിൽ സപ്ലെയറായി ജോലിനോക്കുകയാണ് മോഡലിംഗ് ഇഷ്ടപ്പെടുന്ന ചന്ദു. അവസരം ലഭിക്കുന്നതുവരെ പിടിച്ചുനിൽക്കാനാണ് ശ്രമം. ഒഡീഷ ബ്രഹ്മപുരം സ്വദേശിയാണ് ഈ 22കാരൻ.
ഒരു ഹിന്ദി സീരിയലിലും ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനിയിച്ചിട്ടുണ്ട്.
പുലിമുരുകന്റെ ഹിന്ദി തർജമ കണ്ടാണ് മോഹൻലാലിന്റെ ആരാധകനായത്. എങ്ങനെയെങ്കിലും കേരളത്തിലെത്തി മലയാള സിനിമയിൽ അഭിനയിക്കണം എന്ന ചിന്ത മാത്രമായി പിന്നീട്. ലാലിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും സാദ്ധ്യമായില്ല. ഒരു മലയാളം സിനിമയിലെങ്കിലും അഭിനയിച്ചിട്ടേ തിരിച്ചുവരൂ എന്ന് വീട്ടിൽ പറഞ്ഞാണ് കേരളത്തിലേക്ക് തിരിച്ചത്. ഹോട്ടലിൽ സപ്ലെയും ചെറിയ പാചകവും ചെയ്യും. രാവിലെ ഏഴു മുതൽ രാത്രി 12 വരെ ജോലി. ഇതിനിടെ ഷൂട്ടിംഗ് സെറ്റുകളിലും ഓഡിഷനുകൾക്കും പോകും.
അമ്മ റുനു നായിക്കിനെയും അച്ഛൻ കൈലാസ് നായിക്കിനെയും കണ്ടിട്ട് മൂന്ന് വർഷം കഴിഞ്ഞു.
മോഹൻലാലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് രാവണപ്രഭുവിലെ 'സവാരി ഗിരിഗിരി"യാണ്. ലാൽ കഴിഞ്ഞാൽ മമ്മൂട്ടിയെയും ദിലീപിനെയുമാണിഷ്ടം. ഇവരുടെ സിനിമകളും കണ്ടിട്ടുണ്ട്