അങ്കമാലി : അർബൻ സഹകരണ സംഘത്തിൽ നടന്ന വൻ തട്ടിപ്പിന് നേതൃത്വം കൊടുത്ത മുൻ പ്രസിഡന്റ് പി.ടി. പോളിന്റെയും ഭരണ സമിതി അംഗങ്ങളുടെയും തട്ടിപ്പിനു കൂട്ടുനിന്ന സംഘം ജീവനക്കാരുടെയും വിട്ടുപടിക്കലിൽ ധ‌ർണ നടത്തും. തട്ടിപ്പിന് കൂട്ടുനിന്നവരെ ജയിലിൽ അടക്കുക, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, സംഘവുമായി ബന്ധമില്ലാത്തവരുടെ പേരിൽ വ്യാജലോൺ സംഘടിപ്പിച്ചും വ്യാജ നിക്ഷേപക സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചും കൊള്ളയടിച്ച ഭരണസമിതിയേയും സംഘം ജീവനക്കാരെയും പിരിച്ച് വിടുക, തട്ടിപ്പിന് കൂട്ടുനിന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബുധനാഴ്ച രാവിലെ 10ന് അർബൻ സഹകരണ സംഘത്തിന്റെ മുമ്പിൽനിന്ന് പ്രതിഷേധ ജാഥ ആരംഭിയ്ക്കും. തുടർന്ന് മുൻ പ്രസിഡന്റ് പി.ടി. പോളിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തും. സംരക്ഷണ സമിതി പ്രസിഡന്റ് പി.ടി. തോമസ് ഉദ്ഘാടനം ചെയ്യും. സമിതി ഭാരവാഹികളായ സി.പി. സെബാസ്റ്റ്യൻ, യോഹന്നാൻ കൂരൻ, മാർട്ടിൻ മുഞ്ഞേലി, ചെറിയാക്കു കൊറ്റമം, പൗലോസ് വടക്കുംഞ്ചേരി, തുടങ്ങിയവർ പങ്കെടുക്കും