
കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലായ ചന്ദേർകുഞ്ച് ആർമി ടവറുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും ടവറുകൾ പുനരുദ്ധരിക്കാനും ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ.) നിർമ്മിച്ച് 2018ൽ കൈമാറിയ 29 നിലകൾ വീതമുള്ള ബി, സി ടവറുകളിലെ 208 ഫ്ളാറ്റുകളിലെ താമസക്കാരെയാണ് ഒഴിപ്പിക്കേണ്ടത്.
എ.ഡബ്ല്യു.എച്ച്.ഒയുടെ മേൽനോട്ടത്തിൽ വേണം ഒഴിപ്പിക്കൽ. ഇവർക്ക് താമസസൗകര്യവും ഒരുക്കണം. അതിന്റെ ചെലവ് എ.ഡബ്ല്യു.എച്ച്.ഒയുടെ ഉത്തരവാദിത്വമാണ്.
സി ടവറിലെ താമസക്കാരനായ കേണൽ സിബി ജോർജ്ജിന്റെ പരാതിയിൽ ജില്ല ദുരന്ത നിവാരണ അതോറിട്ടി ഇടപെട്ടതിന്റെ ഭാഗമാണ് ഉത്തരവ്. അതോറിട്ടി നിയോഗിച്ച വിദഗ്ദ്ധ സമിതി താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും കെട്ടിടത്തിന്റെ പുനരുദ്ധാരണം അനിവാര്യമാണെന്നും റിപ്പോർട്ട് നൽകിയിരുന്നു.
പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ജെസിമോൾ ജോഷ്വ, ഡിസൈൻ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി.എം.അസീന, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി.ആർ. ഓംപ്രകാശ്, ജി.സി. ഡി.എ അസി. എക്സിക്യുട്ടീവ് എൻജിനിയർ വൈ. ഡേവിഡ് എന്നിവരടങ്ങിയതായിരുന്നു സമിതി.
പുനരുദ്ധാരണത്തിന് 60 കോടി
പുനരുദ്ധാരണത്തിന് 60 കോടി രൂപ വേണ്ടിവരും. 10 മാസത്തിനുള്ളിൽ പുനരുദ്ധാരണം പൂർത്തീകരിച്ച് ഫ്ളാറ്റുകൾ ഉടമകൾക്ക് കൈമാറണം. അതിനു ശേഷവും കെട്ടിടത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും എ.ഡബ്ല്യു.എച്ച്.ഒയ്ക്കാണെന്നും ഉത്തരവിലുണ്ട്. പുനരുദ്ധാരണത്തിനുശേഷം വിദഗ്ദ്ധ സമിതി ടവറുകൾ പരിശോധിക്കും. 208 ഫ്ളാറ്റുടമകൾക്ക് താമസസൗകര്യം ഒരുക്കാൻ വലിയ ചെലവുണ്ടാകും.
160 കോടിയുടെ പദ്ധതി
വൈറ്റില ആർമി ടവർ പദ്ധതിക്ക് 160 കോടി മുതൽമുടക്കുണ്ട്. നിർമ്മാണക്കരാറുകാർ കൊച്ചിയിലെ ശില്പ പ്രോജക്ട്സും ആർക്കിടെക്ടുമാർ ബി.ആർ.അജിത് അസോസിയേറ്റ്സുമാണ്. നിർമ്മാണ വൈകല്യങ്ങളും വെട്ടിപ്പുമാണ് ഹെലിപ്പാഡ് ഉൾപ്പെടെയുള്ള ടവറുകളുടെ ബലക്ഷയത്തിന് കാരണം.